വിദേശത്ത് നിന്നെത്തിയ 38കാരന് എം പോക്സ് ലക്ഷണങ്ങൾ; പരിശോധന ഫലം ഇന്ന് 

0
20

എം പോക്‌സ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന എടവണ്ണ ഒതായി സ്വദേശിയുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലാണ് ഉമിനീർ സാമ്പിൾ പരിശോധിക്കുന്നത്. രോഗം സ്ഥിരീകരിച്ചാൽ, രോഗിയുടെ കോൺടാക്റ്റ് ലിസ്റ്റ് തയ്യാറാക്കുകയും ക്വാറൻ്റൈൻ ആവശ്യമായി വരികയും ചെയ്യും. രോഗം പടരാതിരിക്കാൻ കർശന നടപടി സ്വീകരിക്കേണ്ടിവരും.

കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നെത്തിയ 38കാരനായ യുവാവ് തിങ്കളാഴ്ചയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എം പോക്സ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. നാട്ടിലെത്തിയ ശേഷം വലിയ തോതിലുള്ള സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടുള്ളത്.

അതിനിടെ മലപ്പുറത്ത് നിപ സ്ഥിരീകരിച്ച തിരുവാലിയിൽ ആരോഗ്യ വകുപ്പിന്റെ സർവേ തുടരും. വീടുകൾ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനാണ് ശ്രമം. മലപ്പുറം ജില്ലയിൽ, പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയിൻമെന്‍റ് സോണുകളായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.

ദില്ലിയിലുള്ള ആരോഗ്യ മന്ത്രി ഇന്ന് ഉച്ചയോടെ മലപ്പുറത്തെത്തിയേക്കും. ഇന്നലെ വൈകിട്ട് 3 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി വന്നതോടെ 16 പേരുടെ പേരുടെ നിപ പരിശോധനാ ഫലങ്ങളും നെഗറ്റീവായി. ആകെ 255 പേരാണ് നിപ ബാധിച്ച് മരിച്ച യുവാവിന്‍റെ സമ്പർക്ക പട്ടികയിയിലുള്ളത്