കാലാവസ്ഥാ വ്യതിയാനം മൂലം സൈബീരിയയിലെ നരകകവാടം വികസിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ

0
179

കാലാവസ്ഥാ വ്യതിയാനം മൂലം സൈബീരിയയിലെ നരകകവാടം എന്നറിയപ്പെടുന്ന ഭീമൻ ഗർത്തം വികസിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ. തണുത്തുറഞ്ഞ യാന ഹൈലാൻഡ്‌സിൽ സ്ഥിതി ചെയ്യുന്ന ബത​ഗൈക ഗർത്തം നരകത്തിലേക്കുള്ള വാതിൽ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പെർമാഫ്രോസ്റ്റ് ഗർത്തമാണിത്.

200 ഏക്കർ വീതിയും 300 അടി ആഴവുമുള്ള ​ഗർത്തം സ്റ്റിം​ഗ്രേ മത്സ്യത്തിന്റെ രൂപത്തിലാണ്. ചിലർ ഈ ​ഗർത്തത്തെ ഹോഴ്‌സ്‌ഷൂ ഞണ്ടുകളോടും വാൽമാക്രിയോടുമൊക്കെ ഉപമിക്കാറുണ്ട്. 1960ലാണ് ഈ ​ഗർത്തം കണ്ടെത്തുന്നത്. 30 വർഷം കൊണ്ട് ഇതിന്റെ വലിപ്പം മൂന്നിരട്ടിയായി വർധിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഇതിന്റെ വലിപ്പം വീണ്ടും വർധിക്കുകയാണെന്ന് ​ഗവേഷകർ പറയുന്നു.

സാറ്റലൈറ്റ് ചിത്രങ്ങളിൽ പോലും ഈ ​ഗർത്തം വ്യക്തമായി കാണാമെന്നതാണ് ഇതിന്റെ സവിശേഷത. ഇതിന് ഒരു കിലോമീറ്ററിലേറെ വ്യാസമുണ്ടെന്ന് കണക്കാക്കുന്നു. 1960ൽ ഈ ​ഗർത്തം കണ്ടെത്തുമ്പോൾ ഏഴ് മീറ്ററോളം വലിപ്പമുള്ള വിള്ളൽ മാത്രമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

വാൽമാക്രി രൂപത്തിൽ കണ്ടെത്തിയ ഈ വിള്ളലിന്റെ അരികുവശങ്ങൾ ഇടിഞ്ഞുവീഴാൻ തുടങ്ങിയതോടെ ​ഗർത്തത്തിന്റെ വ്യാസം വർധിക്കുകയായിരുന്നു. വലിപ്പവും ആഴവും കൂടുന്നുണ്ടെങ്കിലും ഇതിന്റെ വാൽമാക്രി രൂപത്തിന് കാര്യമായ വ്യത്യാസം ഇപ്പോഴും വന്നിട്ടില്ല.