ഹരിയാനയിൽ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്; ബ്രാഹ്മണനെ കൊന്നതിൽ മാപ്പ് ചോദിച്ച് പ്രതി

0
77

ഹരിയാനയിൽ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയതിൽ കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ച് ഗോരക്ഷാ സേന. അവനെ പശുക്കടത്തുകാരനായി തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തതെന്നും പറഞ്ഞു. കൊല്ലപ്പെട്ടയാൾ മുസ്ലീമല്ല ഒരു ബ്രാഹ്മണനാണ് എന്ന് അറിഞ്ഞപ്പോൾ വളരെ ഖേദിച്ചുവെന്നും പിന്നീട് പ്രതി തന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സിയാനന്ദ് മിശ്ര പറഞ്ഞു. ഹരിയാനയിലെ ഗോരക്ഷാ സേന അംഗവും ബജ്‌റംഗ്ദൾ പ്രവർത്തകനുമായ അനിൽ കൗശിക് ഓഗസ്റ്റ് 27-ന് തന്നോട് മാപ്പ് പറഞ്ഞതായി സായാനന്ദ് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആര്യൻ മിശ്രയെ വെടിവെച്ചുകൊന്നതിന് കൗശിക് ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 24നാണ് കൗശികും സംഘവും സുഹൃത്തുക്കൾക്കൊപ്പം കാറിൽ പോകുകയായിരുന്ന ആര്യനുനേരെ വെടിയുതിർത്തത്. പശുക്കടത്തുകാർ കാറിൽ രക്ഷപ്പെടുന്നു എന്ന വിവരം കേട്ട് തെറ്റിദ്ധരിച്ചാണ് ഇവർ ആര്യനെ കൊലപ്പെടുത്തിയത്. മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് മകനെ കൊന്നതെന്ന് കൂടി കേട്ടതോടെ ശക്തമായ എതിർപ്പുമായി സിയാനന്ദ് മിശ്ര രംഗത്തെത്തി. നിങ്ങൾ എന്തിനാണ് ഒരു മുസ്ലീമിനെ കൊലപ്പെടുത്തുന്നത്? ശരിക്കും പശുവിന്റെ പേരിൽ മാത്രമാണോ എന്ന് അപ്പോൾ തന്നെ താൻ കൗശികിനോട് ചോദിച്ചതായി സിയാനന്ദ് മിശ്ര പറഞ്ഞു. ഗോരക്ഷകർ എന്ന പേരിൽ ഒരു കൂട്ടം ആളുകൾ നിയമം കൈയിലെടുക്കുന്നതിലെ കനത്ത അമർഷവും വേദനയും സിയാനന്ദ് ദി പ്രിന്റിലൂടെ പങ്കുവച്ചു. അഥവാ പശുക്കടത്തെന്ന് തോന്നിയാൽ തന്നെ കാറിന്റെ ടയറിലേക്ക് വെടിവയ്ക്കുകയോ പൊലീസിനെ വിളിക്കുകയോ ചെയ്യുമായിരുന്നല്ലോ എന്തിനാണ് ഒരാളെ കൊല്ലുന്നതെന്നും വേദനയോടെ ആ പിതാവ് ചോദിച്ചു. പശുക്കളുടെ പേരിൽ നടക്കുന്ന ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ആര്യനെ കൊലപ്പെടുത്തിയ സംഭവം ബജ്‌റംഗ് ദളിനുള്ളിലും വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. പശുക്കടത്ത് ആരോപിച്ച് നമ്മൾ നമ്മുടെ സഹോദരനെ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ബജ്‌റംഗ്ദൾ നേതാക്കൾ പ്രതികരിച്ചു. ആര്യന്റെ കാർ ഡൽഹി- ആഗ്ര ദേശീയ പാതയിലൂടെ പോകുമ്പോൾ 30 കിലോമീറ്ററുകളോളം കാറിനെ പിന്തുടർന്നാണ് ഗോരക്ഷാ സംഘം വെടിയുതിർത്തത്. സംഭവവുമായി ബന്ധപ്പെട്ട് അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്. അക്രമികൾ ലൈസൻസ് ഇല്ലാത്ത തോക്കാണ് ഉപയോഗിച്ചിരുന്നത്.

പശുക്കടത്തുകാർ ഡസ്റ്റർ കാറിൽ സിറ്റി വിടുന്നുവെന്ന് ആരോ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോരക്ഷാ സംഘം കാർ പിന്തുടർന്ന് വിദ്യാർത്ഥിയെ വെടിവച്ചുകൊലപ്പെടുത്തിയത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ആര്യൻ കാറിൽ സഞ്ചരിച്ചിരുന്നത്. കാർ ചേസ് ചെയ്ത ശേഷം വാഹനം നിർത്താനാവശ്യപ്പെട്ട അക്രമി സംഘം കാർ നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ വെടിയുതിർക്കുകയായിരുന്നു. ആര്യന്റെ കഴുത്തിനാണ് വെടിയേറ്റത്. ആര്യനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഇതേ ആഴ്ച തന്നെ ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് ഹരിയാനയിലെ ചർഖി ദാദ്രിയിൽ ഗോരക്ഷക സംഘം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ഗ്രാമീണർക്ക് പശുക്കളോട് വല്ലാത്ത ആരാധനയാണെന്നും അവരെ ആർക്ക് തടയാനാകുമെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി പറഞ്ഞത് ഏറെ വിവാദമായിരുന്നു.