മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

0
158

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ യൂട്യൂബ് ചാനൽ ആരംഭിച്ചത്. ക്രിസ്റ്റ്യാനോ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷം വരിക്കാരെയാണ് ചാനൽ സ്വന്തമാക്കിയത്. യു.ആർ · ക്രിസ്റ്റ്യാനോ യൂട്യൂബ് ചാനലിൽ ഇതുവരെ 19 വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് ആകുമ്പോഴേക്കും 3 ലക്ഷം പേർ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു. അനുനിമിഷം പതിനായിരക്കണക്കിന് പേരാണ് ക്രിസ്റ്റ്യാനോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ സ്വന്തമാക്കിയിരിക്കുകായണ് താരം. ഈ സന്തോഷവും താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗോൾഡൺ പ്ലേബട്ടൺ തുറക്കുന്നതിന്റെ വീഡിയോയും താരം ചാനലിലൂടെ പങ്കുവെച്ചു. തന്റെ കുടുംബത്തിനൊപ്പമാണ് ഗോൾഡൺ പ്ലേബട്ടൺ തുറന്നത്. റൊണാഡോയുടെ മക്കൾ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം.‘എൻ്റെ കുടുംബത്തിന് ഒരു സമ്മാനം. എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി!’, താരം കുറിച്ചു.

നിലവില്‍ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂട്യൂബിൽ താനിടുന്ന വിഡിയോകളുടെ കണ്ടന്റ് ഫുട്ബാൾ മാത്രമായിരിക്കില്ലെന്നും കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ കാര്യങ്ങളും ഉൾപ്പെടുമെന്ന് താരം അറിയിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലായി 917 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്‌ക്കുള്ളത്. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് 39-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ.