എൻഐആർഎഫ് റാങ്കിംഗ്; ആദ്യ 200 റാങ്കുകളിൽ 42 സ്ഥാനങ്ങളും കേരളത്തിലെ കോളേജുകൾക്ക്

0
97

എൻഐആർഎഫ് റാങ്കിംഗ് പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിലെ സർവ്വകലാശാലകൾ. സംസ്ഥാന പൊതു സർവ്വകലാശാലകളുടെ പട്ടികയിൽ കേരള സർവകലാശാല ഒമ്പതാം സ്ഥാനത്തും കുസാറ്റ് 10ാം സ്ഥാനത്തും എംജി 11ാം സ്ഥാനത്തും കാലിക്കറ്റ് സർവകലാശാല 43ാം സ്ഥാനത്തും എത്തി. ഓവറോൾ റാങ്കിംഗിൽ കേരള സര്‍വകലാശാലക്ക് 38-ാം റാങ്കുമുണ്ട്. ആദ്യ 200 റാങ്കുകളിൽ 42 സ്ഥാനങ്ങളും കേരളത്തിലെ കോളേജുകളുടേതാണ്.

നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കും ചേര്‍ന്നാണ് പട്ടിക തയാറാക്കിയത്. ഐഐടി മദ്രാസാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് രണ്ടാം സ്ഥാനത്ത്. ഐഐടി ബോംബെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്. മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഐഐഎം അഹമ്മദാബാദാണ് ഒന്നാം സ്ഥാനത്ത്.

മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കോഴിക്കോട് ഐഐഎം മൂന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസാണ് മുന്നില്‍ നില്‍ക്കുന്നത്. മികച്ച കോളജുകളുടെ പട്ടികയില്‍ ഡല്‍ഹിയിലെ ഹിന്ദു കോളജും ഒന്നാം സ്ഥാനത്തെത്തി.