വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; 100 ഗ്രാം അമിതഭാരത്തിൻ്റെ പേരിൽ മെഡൽ നഷ്ടപ്പെട്ട് ഇന്ത്യയുടെ ഗുസ്തി താരം

0
214

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയത്. 50 കിലോയിൽ കൂടുതൽ ഭാരമുള്ളതായി കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ താരത്തിന് 100 ഗ്രാം കൂടുതലാണ്. ഫൈനലിൽ കടന്നതോടെ അയോഗ്യയാക്കപ്പെട്ടു.

ഇന്ന് രാവിലെ ആയിരുന്നു ഭാരപരിശോധന. ഇന്നലെ വൈകിട്ട് രണ്ട് കിലോ കൂടുതൽ ആയിരുന്നു. രാത്രി ഉറക്കമിളച്ചു, ജോഗിംഗ്,സ്കിപ്പിംഗ്, സൈക്ലിംഗ് ചെയ്ത് ഭാരം കുറയ്ക്കാൻ ശ്രമിച്ചു എന്നാണ് വിവരം. ഭാരപരിശോധന നടത്താൻ കുറച്ചുകൂടി സമയം വേണമെന്ന് ഇന്ത്യൻ ഡെലിഗേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കേൾക്കാൻ തയ്യാറായില്ല. നടപടിക്കെതിരെ പുനപരിശോധനയ്ക്ക് സാധ്യതയില്ല. അയോഗ്യത വിവരം വിനേഷിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു.

അയോ​ഗ്യയാക്കിയതോടെ വിനേഷ് ഫോ​ഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീ​ക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോ​ഗ്യയാക്കിയത്. ഇന്ത്യൻ സംഘം പ്രതിഷേധം അറിയിച്ചു. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൈനലിലേക്ക് എത്തിയിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്.

5-0ത്തിന്റെ ജയവുമായാണ് വിനേഷിന്റെ ഫൈനൽ പ്രവേശനം. ഒളിംപിക്‌സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു വിനേഷ് ഫോ​ഗട്ട്. ഇതിനിടെയാണ് താരത്തെ അയോ​ഗ്യയാക്കിയത്. ഒളിമ്പിക്സ് അസോസിയേഷൻ‌ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.