കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കണ്ണൂർ, വയനാട്, പാലക്കാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകിയത്. കാസർകോട്ടെ കോളേജുകൾക്ക് അവധി ബാധകമല്ല. മറ്റ് മൂന്ന് ജില്ലകളിലും കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. വയനാട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അറബിക്കടലില്‍ ചക്രവാതചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. നാളെ രാത്രി പതിനൊന്നര വരെ കേരള തമിഴ്‌നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം.