റഷ്യൻ സേനയിലുള്ള മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചയക്കാൻ ധാരണയായി

0
82

റഷ്യൻ സേനയിലുള്ള മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചയക്കാൻ ധാരണയായി. നരേന്ദ്ര മോദിയുടെ നിർദ്ദേശം വ്‌ളാഡിമിർ പുടിൻ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ ​​പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു.

ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യയിലെ സൈന്യത്തിൽ നിർബന്ധിത സേവനനം ചെയ്യേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കുടുംബങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ ജോലി തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയിരുന്നു. യാതൊരു പരിശീലനവും നൽകാതെയാണ് ഇവരെ റഷ്യൻ സൈന്യത്തോടൊപ്പം ചേർത്ത് യുക്രൈൻ യുദ്ധ മേഖലയിൽ വിന്യസിപ്പിച്ചിരുന്നത്.

ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി റഷ്യയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ചകളും നടന്നിട്ടില്ല. യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദർശിക്കും.