മണിപ്പൂർ സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലെന്ന് സുപ്രീം കോടതി

0
22

മണിപ്പൂർ കലാപക്കേസിലെ വിചാരണത്തടവുകാരൻ കുക്കി ജാതിയിൽ പെട്ടയാളായതിനാൽ ചികിത്സ നൽകാത്ത സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചു. സർക്കാരിനെ വിശ്വസിക്കില്ലെന്നു പറഞ്ഞ ജസ്റ്റിസ് ജെ.ബി.പർദിവാല അധ്യക്ഷനായ ബെഞ്ച്, തടവുകാരനെ എത്രയും വേഗം ഗുവാഹത്തി മെഡിക്കൽ കോളജിലെത്തിച്ച് ചികിത്സ നൽകാനും നിർദേശിച്ചു.

ലുൻഖോഗം ഹോകിപ് എന്ന യുവാവിന്റെ ഹർജിയിലാണ് ജസ്റ്റിസ് ഉജ്വൽ ഭുയാനും ഉൾപ്പെട്ട ബെഞ്ചിന്റെ ഇടപെടൽ. ‘സംസ്ഥാന സർക്കാരിനെ ഞങ്ങൾക്കു വിശ്വാസമില്ല. കുക്കി വിഭാഗക്കാരനായതിനാലാണു പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തത്. അദ്ദേഹത്തെ അടിയന്തരമായി പരിശോധനയ്ക്കു വിധേയമാക്കണം.

ഗുരുതരമായി എന്തെങ്കിലും കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കണം’– കോടതി പറഞ്ഞു. വിഷയത്തിൽ മണിപ്പുർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയുള്ള സംസ്ഥാനത്തിന്റെ വാദം കോടതി അംഗീകരിച്ചിരുന്നു.