2029 അവസാനത്തോടെ ഇന്ത്യയിലെ 5G മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 84 കോടിയിലെത്തുമെന്ന് റിപ്പോർട്ട്

0
27

2029 അവസാനത്തോടെ ഇന്ത്യയിലെ 5G മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 84 കോടിയിലെത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ഇത് ഇന്ത്യയിലെ മൊത്തം മൊബൈൽ ഫോൺ ഉപയോക്താക്കളുടെ 65 ശതമാനമാണ്. ആഗോള ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ പ്രമുഖ സ്ഥാപനമായ എറിക്‌സൺ മൊബിലിറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരമാണ് പുതിയ കണക്കുകൾ. 2029 ഓടെ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 130 കോടിയായി ഉയരുമെന്ന് കമ്പനി ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ 2029ന്റെ അവസാനത്തോടെ ആഗോള തലത്തിൽ 5ജി ഉപയോക്താക്കളുടെ എണ്ണം 560 കോടിയിൽ എത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ വലിയ തോതിൽ മിഡ്-ബാൻഡ് സേവനങ്ങൾ അവതരിപ്പിച്ചതിനാൽ 2023 അവസാനത്തോടെ ആകെ ജനസംഖ്യയുടെ 90 ശതമാനം പേരിലേക്ക് സേവനങ്ങൾ എത്തിക്കാൻ സാധിച്ചതായും 2023 ന്റെ അവസാനത്തോടെ 5ജി ഉപഭോക്താക്കളുടെ എണ്ണം 12 കോടിയ്ക്ക് അടുത്ത് എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും ഒപ്പം ഫിക്‌സഡ് വയർലെസ് ആക്‌സസുമാണ് കൂടുതൽ സേവന ദാതാക്കളെ 5ജിയിലേക്ക് അടുപ്പിക്കുന്നതെന്ന് എറിക്‌സണിലെ എക്‌സിക്യൂട്ടീവ് വിപിയും നെറ്റ്‌വർക്ക് മേധാവിയുമായ ഫ്രെഡ്രിക് ജെജ്‌ഡ്‌ലിംഗ് പറഞ്ഞു. ടെലികോം സേവനങ്ങൾക്കായുള്ള 96,238.45 കോടി രൂപയുടെ 5ജി സ്‌പെക്‌ട്രത്തിൻ്റെ ലേലം സർക്കാർ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിവിധ ബാൻഡുകളിലായി 10,522.35 മെഗാഹെർട്‌സാണ് ആകെ ലേലം ചെയ്യപ്പെടുന്നത്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ ഇൻഫോകോം എന്നിവരുടെ പങ്കാളിത്തത്തിലാണ് ലേലം നടക്കുന്നത്.