റീ റിലീസിന് ഒരുങ്ങി മോഹൻലാലിൻ്റെ മിസ്റ്ററി ഹൊറർ ചിത്രം ‘ദേവദൂതൻ’

0
533

മോഹൻലാലിൻ്റെ മിസ്റ്ററി ഹൊറർ ചിത്രം ദേവദൂതൻ വീണ്ടും റിലീസിന് ഒരുങ്ങുന്നു. ഡോൾബി അറ്റ്‌മോസിലേക്കും 4കെ വിഷ്വൽ, ഓഡിയോ ഫോർമാറ്റിലേക്കും സിനിമ റീമാസ്റ്റർ ചെയ്യും. ഇതിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. രഘുനാഥ് പലേരി രചനയും സംവിധാനവും നിർവ്വഹിച്ച സിബി മലയിൽ ചിത്രം റീമാസ്റ്ററിങ്ങും റീ എഡിറ്റിംഗുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

ഹൊററും മിസ്റ്ററിയും പ്രണയവും സം​ഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാല്‍ എത്തുന്നു. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവുമാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാവിഷയമാക്കുന്നത്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിങ്ങനെ മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം കൂടിയാണ് ഇത്.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ സി തുണ്ടിയില്‍ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ ജെ യേശുദാസ്, ജയചന്ദ്രൻ, എം ജി.ശ്രീകുമാർ, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ എം രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കലാസംവിധാനം മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ് എ സതീശൻ എസ് ബി, മുരളി, മേക്കപ്പ് സി വി സുദേവൻ, സലീം, കൊറിയോഗ്രാഫി കുമാർ ശാന്തി, സഹസംവിധാനം ജോയ് കെ മാത്യു, തോമസ് കെ സെബാസ്റ്റ്യൻ, ഗിരീഷ് കെ മാരാർ, അറ്റ്മോസ് മിക്സ്‌ ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്‌ സ്റ്റുഡിയോ സപ്താ റെക്കോർഡ്സ്, വി എഫ് എക്സ് മാഗസിൻ മീഡിയ, കളറിസ്റ്റ് സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിംഗ് ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, ടൈറ്റിൽസ് ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാർക്കറ്റിംഗ് ഹൈപ്പ്, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് എം കെ മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ് മാജിക് മോമെൻറ്സ് , റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.