ബംഗാളിലെ കൂച്ച് ബിഹാറിൽ ബിജെപിയുടെ 130 പഞ്ചായത്ത് അംഗങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൂച്ച്‌ബെഹാറിൽ 128 പഞ്ചായത്തുകളിൽ 104ൽ ടിഎംസിയും 24ൽ ബിജെപിയും അധികാരത്തിലെത്തി. 130 പഞ്ചായത്ത് അംഗങ്ങൾ ഇതുവരെ ബിജെപി വിട്ട് ടിഎംസിയിൽ ചേർന്നിട്ടുണ്ടെന്നും ഇനിയും പലരും ചേരുമെന്നും ടിഎംസി അവകാശപ്പെട്ടു.
അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി പഞ്ചായത്തംഗങ്ങളെ പാർട്ടി മാറ്റുകയാണെന്നാണ് ബിജെപിയുടെ ആരോപണം. പഞ്ചായത്തംഗങ്ങളുടെ പാർട്ടി മാറ്റം തടയാൻ ബി.ജെ.പി നീക്കം തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ കഴിയാത്ത ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയിലാണ് പാർട്ടി പ്രവർത്തകർ കൂട്ടമായി ടി.എം.സിയിൽ ചേർന്നത്.
കൂച്ച് ബിഹാർ ജില്ലാ ടിഎംസി ഓഫീസിൽ തൃണമൂൽ പതാക ഉയർത്തി ജില്ലാ ടിഎംസി പ്രസിഡൻറ് അഭിജിത്ത് ഡി ഭൗമിക് ബി.ജെ.പി പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.”മുഖ്യമന്ത്രി മമതാ ബാനർജിയുടെ വികസന സംരംഭങ്ങളിൽ പങ്കെടുക്കാൻ കൂച്ച് ബിഹാറിലെ ബിജെപി പഞ്ചായത്ത് അംഗങ്ങൾ തൃണമൂലിൽ ചേരുകയാണ്. നേരത്തെ 130 പഞ്ചായത്ത് അംഗങ്ങൾ ബിജെപി വിട്ട് ടിഎംസിയിൽ ചേർന്നിരുന്നു. ബാക്കിയുള്ളവരും ഉടൻ പാർട്ടി വിട്ടെത്തും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ശൂന്യമാകും”. അഭിജിത്ത് ഡി ഭൗമിക് പറഞ്ഞു.