ഓസ്ട്രേലിയക്കെതിരേ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറെന്ന നേട്ടവും സ്വന്തമാക്കി ഇന്ത്യ സെമിയിൽ

0
229

സൂപ്പർ 8 മത്സരത്തിൽ ഓസീസിനെ 24 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ശേഷം സെമിയിൽ കടക്കുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ. ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ എട്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്.

206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 പന്തിൽ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 76 റൺസെടുത്ത ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഒരു ഘട്ടത്തിൽ ജയത്തിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളിലെ അച്ചടക്കമാർന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങി.

ഓസീസിന്റെ സെമി സാധ്യത ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാനിസ്താൻ – ബംഗ്ലാദേശ് മത്സരത്തെ അനുസരിച്ചിരിക്കും. അഫ്ഗാൻ ജയിച്ചാൽ ഓസീസ് സെമി കാണാതെ പുറത്താകും.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറെ (6) നഷ്ടമായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ട്രാവിസ് ഹെഡ് – ക്യാപ്റ്റൻ മിച്ചൽ മാർഷ് സഖ്യം 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മത്സരത്തിൽ പിടിമുറുക്കി. കുൽദീപ് യാദവിന്റെ പന്തിൽ മാർഷിനെ കിടിലൻ ക്യാച്ചിലൂടെ പുറത്താക്കി അക്ഷർ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യൻ ഫീൽഡർമാരുടെ മോശം പ്രകടനവും മാർഷിന് തുണയായി. 28 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 37 റൺസായിരുന്നു മാർഷിന്റെ സമ്പാദ്യം.

തുടർന്നെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ 12 പന്തിൽ നിന്ന് 20 റൺസെടുത്ത് പുറത്തായി. പിന്നാലെ മാർക്കസ് സ്റ്റോയ്‌നിസിനെയും (2) മടക്കി അക്ഷർ ഓസീസിനെ പ്രതിരോധത്തിലാക്കി. മാത്യു വെയ്ഡിനും (1) മുന്നേറ്റം സാധ്യമായില്ല. വെയ്ഡിനു പിന്നാലെ അപകടകാരിയായ ടിം ഡേവിഡിനെയും (15) മടക്കിയ അർഷ്ദീപ് മത്സരം പൂർണമായും ഇന്ത്യയുടെ വരുതിയിലാക്കി.

നേരത്തേ അർഹിച്ച സെഞ്ചുറിക്ക് എട്ടു റൺസകലെ (92) പുറത്തായ രോഹിത്തിന്റെ ഇന്നിങ്സ് മികവിൽ 20 ഓവറിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തിരുന്നു. വെറും 41 പന്തിൽ നിന്ന് എട്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. രോഹിത്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.

ടി20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സ്‌കോറാണിത്. ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റിൻഡീസും ടി20 ലോകകപ്പിൽ ഓസീസിനെതിരേ 205 റൺസെടുത്തിട്ടുണ്ട്. 2012 ലോകകപ്പ് സെമിയിലായിരുന്നു അത്.

രണ്ടാം ഓവറിൽ തന്നെ വിരാട് കോലിയെ (0) നഷ്ടമായ ശേഷമായിരുന്നു രോഹിത് സെന്റ് ലൂസിയയെ അക്ഷരാർഥത്തിൽ പൂരപ്പറമ്പാക്കിയത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിൽ നാല് സിക്സും ഒരു ഫോറുമടക്കം 29 റൺസാണ് രോഹിത് അടിച്ചെടുത്തത്. 19 പന്തിൽ 50 തികച്ചു. രോഹിത് വെടിക്കെട്ടിൽ വെറും 8.4 ഓവറിൽ ഇന്ത്യൻ സ്‌കോർ 100 കടന്നു. തുടർന്ന് 12-ാം ഓവറിൽ സ്റ്റാർക്കിന്റെ പന്തിൽ പുറത്താകും വരെ രോഹിത്തിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികളൊഴുകി.

ഇതിനിടെ രണ്ടാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 87 റൺസും രോഹിത് ചേർത്തു. 14 പന്തിൽ നിന്ന് 15 റൺസ് മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം. തുടർന്നെത്തിയ സൂര്യകുമാർ 16 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്തു. രോഹിത്തിനു പിന്നാലെ സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. 22 പന്തുകൾ നേരിട്ട ശിവം ദുബെയ്ക്ക് 28 റൺസെടുക്കാനേ സാധിച്ചുള്ളൂ. 17 പന്തിൽ നിന്ന് 27 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് സ്‌കോർ 200 കടത്തിയത്.