വിവാദ ഗോളിലൂടെ ഇന്ത്യയെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്താക്കി ഖത്തർ

0
252

വിവാദ ഗോളിലൂടെ ഇന്ത്യയെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്താക്കി ഖത്തർ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലൂ ആർമി തോറ്റത്. 73-ാം മിനിറ്റുവരെ മുന്നിട്ടുനിന്ന ഇന്ത്യയ്‌ക്കെതിരെ അപ്രതീക്ഷിത മുന്നേറ്റത്തിനൊടുവിലാണ് വിവാദ ഗോൾ പിറന്നത്.

ഗോള്‍പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ വെച്ച് പന്ത് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ദു പിടിച്ചെടുക്കുന്നതിനിടെ ഔട്ട് ലൈന്‍ കടന്നുപോകുന്നു. പുറത്തുപോയ പന്ത് വലിച്ചെടുത്ത് അല്‍ ഹാഷ്മി അല്‍ ഹുസൈന്‍ യൂസഫ് അയ്മന്‍ കൈമാറുന്നു. യൂസഫ് അത് അനായാസം വലയിലേക്കെത്തിക്കുന്നു. എന്നാല്‍ അമ്പരന്നുപോയ ഇന്ത്യന്‍ താരങ്ങള്‍ റഫറിമാര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ഗോള്‍ അനുവദിക്കുകയായിരുന്നു.

ഇതോടെ അത് വരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ഇന്ത്യയോട് ഖത്തര്‍ സമനില പിടിച്ചു. തുടര്‍ന്ന് ഇന്ത്യകളിക്കാരുടെ പിഴവ് മുതലെടുത്ത് 85-ാം മിനിറ്റിലും ഖത്തര്‍ ഗോള്‍ നേടി. ലക്ഷ്യം കണ്ടു. ഇന്ത്യ പുറത്തായതിന് പിന്നാലെ മറ്റൊരു മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച കുവൈത്ത് ഗ്രൂപ്പ് എയിൽ നിന്ന് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.