ജമ്മുകശ്മീർ ഭീകരാക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു; ഒരു ഭീകരനെ സൈന്യം വധിച്ചു

0
109

ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെ 3 മണിക്കുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കബീർ ദാസെന്ന ജവാനാണ് മരിച്ചത്. സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

‌അതിനിടെ ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ ഛട്ടാർഗാല മേഖലയിലെ പൊലീസ്, രാഷ്ട്രീയ റൈഫിൾസ് സംയുക്ത പോസ്റ്റിനുനേരെയുണ്ടായ വെടിവെപ്പിൽ 5 സൈനികർക്കും ഒരു സ്പെഷ്യൽ പൊലീസ് ഓഫിസർക്കും പരുക്കേറ്റു. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സൈനിക പോസ്റ്റിൽ ആക്രമണം നടത്തിയ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

റിയാസിയിൽ ബസ്സിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച ദോധ എന്ന പ്രദേശത്തെ ചെക്ക് പോയന്റിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ വെടിവെപ്പിൽ അഞ്ച് ജവാൻമാർക്കാണ് പരിക്കേറ്റത്. ഒളിഞ്ഞിരിക്കുന്ന ഭീകരർക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് കത്വയിലെ പുതിയ ആക്രമണം.