80 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഉത്തർപ്രദേശിൽ ഒരു മണ്ഡലത്തിൽ പോലും വിജയിക്കാനാകാതെ ബിഎസ്പി

0
143

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം സമുദായത്തിൽ നിന്ന് ബിഎസ്പിക്ക് വേണ്ടത്ര പിന്തുണ ലഭിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി. തെരഞ്ഞെടുപ്പിൽ മുസ്ലീം സമുദായത്തിന് മതിയായ പ്രാതിനിധ്യം നൽകിയിട്ടും ബിഎസ്പിയെ വേണ്ടത്ര മനസ്സിലാക്കാൻ മുസ്ലീം സമുദായത്തിന് കഴിഞ്ഞില്ലെന്ന് മായാവതി വിമർശിച്ചു. ബഹുജൻ സമാജ് പാർട്ടി രാജ്യത്തുടനീളമുള്ള 424 സീറ്റുകളിലും ഉത്തർപ്രദേശിൽ 80 സീറ്റുകളിലും മത്സരിച്ചെങ്കിലും ഒരു മണ്ഡലത്തിൽ പോലും വിജയിക്കാനായില്ല. 35 മുസ്ലീം സ്ഥാനാർത്ഥികൾ മത്സരിച്ചു. കനത്ത തോൽവിക്ക് ശേഷമായിരുന്നു മായാവതിയുടെ പ്രതികരണം.

കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി കടുത്ത പരാജയമാണ് മായാവതിയുടെ പാര്‍ട്ടി നേരിടുന്നത്. എങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് പത്ത് സീറ്റുകളുണ്ടായിരുന്നു. ഇപ്പോഴത് പൂജ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി കൂടി കണക്കിലെടുത്ത് വളരെ ആലോചിച്ച് മാത്രമേ ഇനി വരും നാളുകളില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്ന അവസരങ്ങളെക്കുറിച്ച് തീരുമാനമെടുക്കൂ എന്നും മായാവതി ഇന്ന് പറഞ്ഞു.

ഭൂരിപക്ഷം ദളിതരും, പ്രത്യേകിച്ച് യാദവ് സമുദായം ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഫലങ്ങളെ പാര്‍ട്ടി എല്ലാ തലത്തിലും വിശകലനം ചെയ്യുമെന്നും ബഹുജന്‍ പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു.