64.2 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

0
87

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ 64.2 കോടി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിൽ 31.2 കോടിയും സ്ത്രീ വോട്ടർമാർ വോട്ട് ചെയ്തതായി വോട്ടെണ്ണലിൻ്റെ തലേന്ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ കമ്മീഷൻ അറിയിച്ചു.

ഇത്രയും വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് ലോക റെക്കോര്‍ഡാണെന്ന് കമ്മിഷന്‍ അവകാശപ്പെട്ടു. ജി7 രാജ്യങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ 1.5 മടങ്ങും യൂറോപ്യന്‍ രാജ്യങ്ങളിലെ വോട്ടര്‍മാരേക്കാള്‍ 2.5 മടങ്ങും കൂടുതലാണ് ഇതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

2019-നെ അപേക്ഷിച്ച് കുറഞ്ഞ റീപോളിങ്ങാണ് ഇത്തവണ ഉണ്ടായിരുന്നത്. കഴിഞ്ഞതവണ 540 റീപോളിങ്ങുകള്‍ നടത്തിയപ്പോള്‍ ഇത്തവണ 39 ഇടത്തേ അത് ആവശ്യമായിവന്നുള്ളൂ. ഇതില്‍ത്തന്നെ 25 എണ്ണവും രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ആദ്യം പോസ്റ്റല്‍ ബാലറ്റ് എണ്ണും. ഇതിന് അരമണിക്കൂര്‍ ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുകയുള്ളൂവെന്നും രാജീവ് കുമാര്‍ അറിയിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കഴിഞ്ഞദിവസം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിച്ച ഇന്ത്യ മുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണണമെന്നും അതിന്റെ ഫലം ആദ്യം പ്രസിദ്ധപ്പെടുത്തണമെന്നുമായിരുന്നു നേതാക്കളുടെ പ്രധാന ആവശ്യം.

ജമ്മു കശ്മീരില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലനെ കൂടിയ പോളിങ് ശതമാനമാണ് ഇത്തവണരേഖപ്പെടുത്തിയത്. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വന്നപ്പോള്‍ എല്ലാ വികസനപ്രവൃത്തികളും നിര്‍ത്തിവെക്കപ്പെട്ടു. അപേക്ഷ ലഭിച്ച് 48 മണിക്കൂറില്‍ തന്നെ 95 മുതല്‍ 98 ശതമാനം വരെ പ്രവൃത്തികള്‍ക്കും അനുമതി നല്‍കി. 10,000 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തു. 2019-ല്‍ പിടിച്ചതിനേക്കാള്‍ മൂന്ന് മടങ്ങാണിത്. സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത തിരഞ്ഞെടുപ്പാണ് ഇതെന്നും രാജീവ് കുമാര്‍ പറഞ്ഞു.

വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജില്ലാ കളക്ടര്‍മാരുമായി സംസാരിച്ചെന്ന ജയറാം രമേശിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചു. ആര്‍ക്കെങ്കിലും 600-ഓളം പേരെ സ്വാധീനിക്കാന്‍ കഴിയുമോയെന്ന് രാജീവ് കുമാര്‍ ചോദിച്ചു. ആരാണ് ഇത് ചെയ്തതെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ അവരെ ശിക്ഷിക്കാം. വോട്ടെണ്ണുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും നല്‍കണം. അപവാദം പ്രചരിപ്പിച്ച് എല്ലാവരേയും സംശയത്തിന്റെ നിഴലിലാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലാപതാ ജെന്റില്‍മെന്‍’ എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും കമ്മിഷന്‍ മറുപടി പറഞ്ഞു. തങ്ങള്‍ ഇവിടെതന്നെ ഉണ്ടായിരുന്നെന്നും കാണാതെ പോയിട്ടില്ലെന്നും കമ്മിഷന്‍ പ്രതികരിച്ചു.