പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

0
121

കനത്ത മഴയെ തുടർന്ന് പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, H1N1 തുടങ്ങിയ പകർച്ചവ്യാധികൾ പൊതുവെ കൂടുതലായി കണ്ടുവരുന്നു.. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരണം. സംസ്ഥാന തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം ഇല്ലാത്ത ജില്ലകളിൽ അടിയന്തരമായി കൺട്രോൾ റൂം ആരംഭിക്കും. ജില്ലാ തലത്തിൽ ഒരു ആശുപത്രിയിലെങ്കിലും 8 മണി വരെ പ്രത്യേക ഫീവർ ഒപി ഉണ്ടായിരിക്കണമെന്ന് നിർദേശിച്ചു. എല്ലാ മെഡിക്കൽ കോളേജിലും ഫീവർ ക്ലിനിക്ക് ആരംഭിക്കും. ആശുപത്രികളിൽ മതിയായ ജീവനക്കാരെ ഉറപ്പാക്കും. ആവശ്യമെങ്കിൽ അധിക ജീവനക്കാരെ ഈ കാലയളവിൽ നിയോഗിക്കാൻ മന്ത്രി നിർദേശം നൽകി.

മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. കുടിവെള്ളത്തിൽ മഴ വെള്ളം കലരുന്നതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങൾക്കെതിരേയും ശ്രദ്ധയുണ്ടാവണം. ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം.

എല്ലാ സ്‌കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം നൽകണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണം.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, ആർആർടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.