തെരഞ്ഞെടുപ്പ് തടസപ്പെടുമെന്ന് സുപ്രീം കോടതി; ഫോം 17 സി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജികൾ മാറ്റിവച്ചു

0
122

പോളിങ് ബൂത്ത് തിരിച്ച് വോട്ട് രേഖപ്പെടുത്തുന്ന ഫോം 17 സി പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പിന്നീട് പരിഗണിക്കുന്നതിനായി സുപ്രീം കോടതി മാറ്റിവച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി വ്യക്തമാക്കി. കേസ് ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തടസ്സപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വേനലവധിക്ക് ശേഷം ആവശ്യം പരിഗണിക്കാമെന്നും ഇതിനായി കേസ് മാറ്റിവെക്കുകയാണെന്നും വ്യക്തമാക്കി.

ഏഴ് ഘട്ട തെരഞ്ഞെടുപ്പിലെ അഞ്ച് ഘട്ടവും പൂർത്തിയായതും ആറാം ഘട്ടം വോട്ടെടുപ്പ് ശനിയാഴ്ച നടക്കുന്നതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സമാനമായ കേസ് 2019 മുതൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒറ്റനോട്ടത്തിൽ കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് ഹർജി സമർപ്പിച്ചത്. വോട്ടെടുപ്പ് സമയം കഴിയുമ്പോൾ പുറത്തുവരുന്ന കണക്കും പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പുറത്തുവിടുന്ന അന്തിമ കണക്കുകളും തമ്മിലെ വലിയ അന്തരം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. പോളിംഗ് ശതമാനത്തിൻ്റെ കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായാണ് നടക്കുന്നതെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും അതിന് ഫോം 17 സി പുറത്തുവിടണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത സംശയങ്ങളാണ് ഹർജിക്കാരൻ്റേത് എന്ന് വിമർശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ഹർജി തള്ളണമെന്ന് നിലപാടെടുത്തു. ഇത്തരം ഹർജികളാണ് പോളിംഗ് കുറയ്ക്കുന്നതെന്നും എപ്പോഴും തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേരെ സംശയം ഉന്നയിക്കുന്നത് പൊതു താത്പര്യത്തെ തന്നെ ഹനിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഫോം 17 സി പുറത്തുവിടാനാവില്ലെന്ന് നിലപാടെടുത്തിരുന്നു. ഈ രേഖയിൽ കൃത്രിമത്വം നടത്താനാവുമെന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട്. എന്നാൽ ആദ്യ രണ്ട് ഘട്ടത്തിലെയും യഥാർത്ഥ പോളിംഗ് കണക്ക് പുറത്തുവിടാനെടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻ്റെ അഭിഭാഷകൻ വാദിച്ചത്. ഫോം 17 സിയുടെ സ്കാൻ ചെയ്ത രേഖ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ എന്ത് അട്ടിമറിയാണ് സംഭവിക്കുകയെന്നും അവർ ചോദിച്ചു.

ഏപ്രിൽ 19 ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൻ്റെ യഥാർത്ഥ പോളിംഗ് കണക്ക് 11 ദിവസം കഴിഞ്ഞ് ഏപ്രിൽ 30 നാണ് പുറത്തുവിട്ടതെന്നും അന്നേ ദിവസം തന്നെ ഏപ്രിൽ 26 ന് നടന്ന പോളിംഗിൻ്റെ കണക്കും പുറത്തുവിട്ടെന്നും അവർ വിമർശിച്ചിരുന്നു. ഈ രണ്ട് കണക്കിലും ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളേക്കാൾ 5-6 ശതമാനം വോട്ട് കൂടുതൽ രേഖപ്പെടുത്തിയെന്നതും അവർ വാദിച്ചു. കേസ് പരിഗണിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞത് ആശ്വാസമാണെങ്കിലും കേസ് സുപ്രീം കോടതി അടിയന്തിര പരിഗണന നൽകാത്തതിൽ പ്രതിപക്ഷ കക്ഷികളടക്കം നിരാശയിലാണ്.