അബ്ദുറഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപ എംബസിക്ക് കൈമാറി

0
65

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപ (ഒന്നര കോടി റിയാൽ) സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിക്ക് കൈമാറി. പ്രാദേശിക അബ്ദുറഹീം ലീഗൽ എയ്ഡ് സമിതി ട്രസ്റ്റ് ഭാരവാഹികൾ ഇന്ന് ഉച്ചയോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് തുക കൈമാറി. വിദേശകാര്യ മന്ത്രാലയത്തിൻ്റെ അക്കൗണ്ടിലാണ് തുക നിക്ഷേപിച്ചത്. ബുധനാഴ്ച ഫണ്ട് കൈമാറാനുള്ള ഇന്ത്യൻ എംബസിയുടെ നിർദേശം റഹീമിൻ്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂരിന് ലഭിച്ചു. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ റഹീമിൻ്റെ കുടുംബം എംബസിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ഉടന്‍ തന്നെ കോടതിയുടെ പേരിലുള്ള സര്‍ട്ടിഫൈഡ് ചെക്ക് ഇന്ത്യന്‍ എംബസി റിയാദിലെ ഗവര്‍ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ച ഉടന്‍ തന്നെ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം സമ്മത പത്രത്തില്‍ ഒപ്പുവയ്ക്കും. തുടര്‍ന്നായിരിക്കും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതും മോചനത്തിനുള്ള ഉത്തരവിടുന്നതും.

കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. റഹീമിനെ രക്ഷിക്കാനുള്ള പണം മലയാളികള്‍ ഒത്തൊരുമിച്ച് ക്രൗഡ് ഫണ്ടിംഗിലൂടെയാണ് സമാഹരിച്ചത്.