പൗരത്വ ഭേദഗതിക്കായുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത വിഷയം ഇന്ന് സുപ്രീം കോടതിയിൽ പരിഗണിക്കും

0
103

പൗരത്വ ഭേദഗതിക്കായുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത വിഷയം മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ അടക്കമുള്ള കക്ഷികളുടെ അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയിൽ ഉന്നയിക്കും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

സുപ്രിംകോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ഏറെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായ പൗരത്വനിയമഭേദഗതിക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം നടന്നത്. രാജ്യത്ത് 14 പേർക്ക് സിഎഎ സർട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് സിഎഎ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേർക്ക് പൗരത്വം നൽകിയെന്നാണ് അമിത് ഷാ പറയുന്നത്. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാർച്ച് 11ന് മാത്രമാണ് നിയമഭേദഗതി സംബന്ധിച്ച ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത്. ഓൺലൈൻ പോർട്ടലിൽ അപേക്ഷിക്കുക വഴി സിഎഎ പ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിനന്ദിച്ചു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട അംഗങ്ങൾക്ക് ഇന്ത്യയിൽ കഴിഞ്ഞ 11 വർഷത്തോളമായി താമസിക്കുന്നവർക്ക് പൗരത്വം നൽകുമെന്നാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്. ഓൺലൈൻ പോർട്ടൽ വഴിയാകും പൗരത്വത്തിനായി രജിസ്റ്റർ ചെയ്യാനാകുക. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.