രാജ്യസഭാംഗം സ്വാതി മാലിവാളിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ബൈഭവ് കുമാറിന് ദേശീയ വനിതാ കമ്മിഷന്റെ നോട്ടീസ്. ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചാണ് അരവിന്ദ് കെജ്‌രിവാളിന്റെ അടുത്ത അനുയായി കൂടിയായ ബൈഭവ് കുമാർ സ്വാതി മാലിവാളിനെ കയ്യേറ്റം ചെയ്തത്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ നടപടി കൈക്കൊള്ളുകയായിരുന്നു. ബൈഭവ് കുമാറിനെ വനിതാ കമ്മിഷന്‍ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-മണിക്ക് ഹാജരാകാനാണ്അദ്ദേഹത്തോട് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ കെജ്‌രിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ അവര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പരാതിപ്പെടുകയും ചെയ്തിരുന്നു.
സ്വാതി ഉന്നയിച്ച ആരോപണം ആം ആദ്മി പാര്‍ട്ടി ശരിവെച്ചിരുന്നു. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവച്ചത്. കെജ്‌രിവാള്‍, വിഷയം ഗൗരവമായാണ് കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.