മുപ്പത് വർഷം മുമ്പ് മരിച്ച മകൾക്ക് ‘പ്രേത’ വരനെ തേടുകയാണ് മാതാപിതാക്കൾ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്നുള്ള ഒരു കുടുംബമാണ് ഇത്തരമൊരു വിചിത്രവും അസാധാരണവുമായ പരസ്യം പത്രത്തിൽ നൽകിയത്. ‘കുലേ മാഡിം’ അല്ലെങ്കിൽ ‘പ്രേത മഡുവേ’ എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താൻ അനുയോജ്യമായ ഒരു ‘പ്രേത’ വരനെ വേണം. ദക്ഷിണ കന്നഡയുടെയും ഉഡുപ്പിയുടെയും തീരദേശ ജില്ലകളായ തുളുനാട്ടിൽ നിലനിൽക്കുന്ന ഒരു ആചാരമാണ് ‘കുലേ മടിം’. മരിച്ചവരുടെ ആത്മാക്കൾ തമ്മിലുള്ള വിവാഹമാണിത്.
ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച പരസ്യത്തിൽ കുലാൽ ജാതിയിൽ, ബംഗേര ഗോത്രയിൽ പിറന്നതും അകാലചരമമടഞ്ഞതുമായ പെൺകുട്ടിക്ക് അതേ ജാതിയിൽപ്പെട്ട എന്നാൽ വ്യത്യസ്ത ഗോത്രത്തിൽ പിറന്നതും മുപ്പത് വർഷം മുമ്പ് മരിച്ചിട്ടുള്ളതുമായ വരനെ തേടുന്നു. പ്രേത മഡുവേ ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുടുംബങ്ങൾക്ക് ബന്ധപ്പെടാം എന്നാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്.
പത്രത്തിൽ പരസ്യം വന്നത് മുതൽ കുറഞ്ഞത് 50 പേരെങ്കിലും താൽപര്യം പ്രകടിപ്പിച്ചതായി മരിച്ച സ്ത്രീയുടെ കുടുംബാംഗം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ചടങ്ങുകൾ നടത്തുന്നതിനുള്ള തീയതി ഉടൻ നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ അഞ്ച് വർഷമായി അനുയോജ്യനായ വരനെ കണ്ടു പിടിക്കാൻ ശ്രമിക്കുകയായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
പരസ്യം ചെയ്യൽ
‘‘പരസ്യം നൽകുമ്പോൾ ഞങ്ങളെ ആളുകൾ കളിയാക്കുമെന്ന ഭയം ഉണ്ടായിരുന്നു, പക്ഷെ സംഭവിച്ചത് മറ്റൊന്നാണ് ഇങ്ങനെ ഒരു ചടങ്ങിനെക്കുറിച്ചു ജനങ്ങൾക്കിടയിൽ ഒരു അവബോധം ഉണ്ടായി. വിവിധ ജാതിയിൽ നിന്നുള്ളവർ താല്പര്യം പ്രകടിപ്പിച്ചു വന്നു, ചിലർ ഇതിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള താല്പര്യത്തോടെയും സമീപിച്ചിരുന്നു’’ അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് കുലെ മാഡിം?
വിവാഹിതരാകാതെ മരണപ്പെട്ട ആത്മാക്കൾക്ക് അവരുടെ ആഗ്രഹപൂർത്തീകരണവും മോക്ഷവും ലഭിക്കുമെന്ന വിശ്വാസത്തോടെ ആചരിക്കുന്ന പരമ്പരാഗത സമ്പ്രദായമാണ് ‘കുലെ മാഡിം’ അഥവാ ‘പ്രേത മഡുവേ’. ഈ ആചാരങ്ങൾ നടത്തുന്നതിലൂടെ വിവാഹം നടക്കുന്നതിൽ തടസ്സങ്ങളുള്ള പ്രതിശ്രുത വധൂവരന്മാർക്ക് തടസ്സങ്ങൾ മാറികിട്ടുമെന്നു കരുതപ്പെടുന്നു.
പരസ്യം ചെയ്യൽ
മരിച്ചവർക്കായി നടത്തുന്ന ഒരു ചടങ്ങായതിനാൽ ഈ സമ്പ്രദായം ‘പിതൃ ആരാധന’ അല്ലെങ്കിൽ പൂർവ്വിക ആരാധനയുടെ ഭാഗമാണ്. ഓരോ ജാതിയിലും നിർദ്ദിഷ്ട ആചാരങ്ങൾക്കു വ്യത്യാസം വരുമെങ്കിലും ജീവിച്ചിരിക്കുന്ന വ്യക്തികളുടെ വിവാഹച്ചടങ്ങിനു സമാനമായി തന്നെയാണ് ‘കുലെ മാഡിം’ സാധാരണയായി നടത്തിവരുന്നത്.