ലൈംഗികാതിക്രമ കേസിൽ എച്ച്‌ഡി രേവണ്ണ 14 വരെ റിമാൻഡിൽ

0
124

ലൈംഗികാതിക്രമ കേസിൽ കർണാടക മുൻ മന്ത്രി എച്ച്‌ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു. ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതി ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ജാമ്യാപേക്ഷ തള്ളി.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ്‌ എച്ച്.ഡി രേവണ്ണ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ജാമ്യം നൽകിയാൽ പരാതിക്കാരെ സ്വാധ്വീനിക്കാനും, തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇരു കേസുകളിലെയും ജാമ്യാപേക്ഷ ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതി തള്ളി. കേസ് ഈ മാസം 14ന് കോടതി വീണ്ടും പരിഗണിക്കും.

അതിനിടെ പ്രജ്വൽ രേവണ്ണയ്ക്കെതീരായ കേസിൽ ഗൂഡാലോചന ആരോപിച്ച് ജെ ഡി എസ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. കുറ്റകൃത്യത്തെ അംഗീകരിക്കുന്നില്ല, എന്നാൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ദൃശ്യങ്ങൾ പുറത്തുവിട്ട് വിവാദം സൃഷ്ടിച്ചത് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണെന്ന് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് ജെഡിഎസിന്റെ പ്രതിഷേധം.