കോൺഗ്രസിനെതിരെയുള്ള ആരോപണം; ബിജെപി ദേശീയ അധ്യക്ഷനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്

0
123

കോൺഗ്രസിനെതിരെ ഉള്ള ആരോപണത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്. രാജ്യത്തെ മുസ്‌ലിംകളെ പ്രീണിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പിയുടെ കർണാടക ഘടകം എക്‌സ് (ട്വിറ്റർ) ൽ പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയുമായി ബന്ധപ്പെട്ടാണ് കർണാടക പോലീസ് ജെ.പി നദ്ദയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ബിജെപിയുടെ കർണാടക ഐടി സെൽ മേധാവി അമിത് മാളവ്യയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട് പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ചെയ്ത എഫ്.ഐ.ആറില്‍ ജെ.പി. നഡ്ഡയുടെയും അമിത് മാളവ്യയുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഇരുവര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

വിവാദ വീഡിയോ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച എക്സ് അധികൃതര്‍ക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിം പ്രീണനത്തിനാണ് ശ്രമിക്കുന്നതെന്നും പിന്നാക്കവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണവും ധനസഹായവുമെല്ലാം കോണ്‍ഗ്രസ് അട്ടിമറിയിലൂടെ മുസ്ലിങ്ങള്‍ക്ക് നല്‍കുന്നെന്നുമായിരുന്നു ബി.ജെ.പി. എക്സില്‍ പങ്കുവെച്ച വീഡിയോയുടെ ഉള്ളടക്കം.

കോണ്‍ഗ്രസ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ഒഴിവാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നുകാണിച്ച് കര്‍ണാടക കോണ്‍ഗ്രസ് ലീഗല്‍ യൂണിറ്റ് അംഗമായ രമേഷ് ബാബുവാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കര്‍ണാടകയിലെ ബി.ജെ.പി. നേതാവ് ബി.വൈ. വിജയേന്ദ്രയ്ക്കെതിരെ നല്‍കിയ പരാതിയില്‍ വീഡിയോയിലൂടെ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും സ്പര്‍ധയും വളര്‍ത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് രമേഷ് ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിക്ക് പിന്നാലെയാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തത്. ഇതിനുപിന്നാലെ, വീഡിയോ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ളതാണ് എന്ന് കാണിച്ച് അത് നീക്കംചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, അവര്‍ വീഡിയോ നീക്കംചെയ്യാതെ വന്നതോടെയാണ് ചൊവ്വാഴ്ച ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച് എക്സിന് ഔദ്യോഗികമായി കത്തയച്ചത്. ശനിയാഴ്ചയാണ് 17-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ബി.ജെ.പി. കര്‍ണാടക ഘടകം എക്സില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിങ്ങള്‍ക്ക് വലിയ രീതിയില്‍ ഫണ്ട് നല്‍കുന്നതായാണ് വീഡിയോയില്‍ ആരോപിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടേയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകള്‍ മുസ്ലിം എന്ന് രേഖപ്പെടുത്തിയ മുട്ട ഒരു പക്ഷിക്കൂട്ടില്‍ നിക്ഷേപിക്കുന്നു. പക്ഷിക്കൂട്ടില്‍ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെ രേഖപ്പെടുത്തിയ മുട്ടകളുമുണ്ട്. മുട്ട വിരിഞ്ഞതിന് ശേഷം രാഹുല്‍ ഗാന്ധി മുസ്ലിം എന്ന് രേഖപ്പെടുത്തിയ പക്ഷിക്ക് ഫണ്ട് നല്‍കുന്നു. മറ്റുള്ള പക്ഷികള്‍ അത് ലഭിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കത് നല്‍കുന്നില്ലെന്നാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.