അപകടകരമായ രീതിയിൽ വാഹനമോടിച്ചു; സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്

0
138

അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ് ആർടിഒയാണ് അഞ്ച് യുവാക്കൾക്കെതിരെ നടപടി എടുത്തത്. ഇന്നോവ കാറിൻ്റെ ഡോറിൽ ഇരുന്ന് തല പുറത്തേക്ക് നീട്ടിയാണ് യുവാക്കളുടെ സാഹസം. കാർ ഓടിച്ച അൽ ഗാലിബ് ബിൻ നസീർ, കൂടെയുണ്ടായിരുന്ന അഫ്തർ അലി, ബിലാൽ നസീർ, മുഹമ്മദ് സജ്ജാദ്, നജാസ് എന്നിവർക്കെതിരെയാണ് നടപടി. ആലപ്പുഴ നൂറനാട് സ്വദേശികളാണ് യുവാക്കൾ.

ആലപ്പുഴ മെഡിക്കൽ കോളജിൽ നാല് ദിവസം യുവാക്കൾ നിർബന്ധിത സാമൂഹിക സേവനം നടത്തണം. കാഷ്വാലിറ്റിയിലും ഓർത്തോ വിഭാഗത്തിലുമായാണ് സേവനം. നാളെ മുതലാണ് ശിക്ഷ ആരംഭിക്കുന്നത്. മെഡിക്കൽ കോളജിലെ സേവനത്തിന് ശേഷം മൂന്ന് ദിവസം പത്തനാപുരം ഗാന്ധിഭവനിലും യുവാക്കൾ സാമൂഹിക സേവനം നടത്തണം.

സർജറി, മെഡിസിൻ, അത്യാഹിത വിഭാഗത്തിലാണ് ഇന്ന് ജോലി. ഉച്ചക്ക് രണ്ട് മണി വരെ ജോലി ചെയ്യണം. രോഗികളെ പരിചരിക്കൽ, വാർഡുകളിലേക്ക് മാറ്റൽ തുടങ്ങിയ ജോലികളാണ് ചെയ്യേണ്ടത്.