എസ്എംഎസ് വഴിയുള്ള പുതിയ തട്ടിപ്പ്; അനുഭവം പങ്കുവെച്ച് സംരംഭക

0
134

എസ്എംഎസ് വഴിയുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭക. തന്നെ കുടുക്കാൻ ശ്രമിച്ച തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ യുവസംരംഭകയായ അദിതി ചോപ്രയാണ് അടുത്തിടെ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചത്.

ഓഫീസിൽ തിരക്കിലായിരിക്കുമ്പോൾ ഒരാൾ ഫോണിൽ ബന്ധപ്പെട്ടുവെന്നും അദിതി പറയുന്നു. തന്റെ പിതാവിന് പണം അയക്കാനുണ്ടെന്നും പക്ഷെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിന് എന്തോ പ്രശ്നം ഉള്ളതുകൊണ്ടാണ് ഇയാൾ തന്നെ ബന്ധപ്പെട്ടതെന്നുമാണ് പറഞ്ഞതെന്നും അദിതി പറയുന്നു. തുടർന്ന് അദിതിയുടെ മൊബൈൽ നമ്പർ ഇയാൾ ഉറക്കെ വായിച്ച് സ്ഥിരീകരിച്ച ശേഷം ഉടൻ തന്നെ ആദ്യം പതിനായിരം രൂപയും പിന്നീട് മുപ്പതിനായിരം രൂപയും അക്കൗണ്ടിൽ ക്രെഡിറ്റായതായി തന്റെ ഫോണിലേക്ക് മെസ്സേജുകൾ വന്നെന്നും അദിതി പറയുന്നു. അതേസമയം താൻ അറിയാതെ അധികം പണം അയച്ചെന്നും താൻ ഒരു ആശുപത്രിയിൽ ആണെന്നും ഉടൻ തന്നെ പണം തിരിച്ചയക്കാനും ഇയാൾ അഭ്യർത്ഥിക്കുകയും ചെയ്തതായി അദിതി പറയുന്നു.

ഇതിനായി തനിയ്ക്ക് ഒരു യുപിഐ ഐഡി നൽകിയതായും അദിതി പറയുന്നു. അതേസമയം എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ച് പണത്തിന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ആവശ്യത്തിലധികം കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന പിതാവ് ആ സമയം വരെ ഈ പണത്തിന്റെ കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും കൂടാതെ പണം ക്രെഡിറ്റായി എന്ന തരത്തിൽ വന്ന മെസ്സേജ് ബാങ്കിൽ നിന്നല്ലെന്നും ഒരു മൊബൈൽ നമ്പറിൽ നിന്നായിരുന്നുവെന്നും അദിതി പറയുന്നു.

അക്കൗണ്ട് പരിശോധിച്ചതോടെ സംഗതി തട്ടിപ്പാണെന്ന് മനസ്സിലാക്കിയ അദിതി നമ്പറിൽ തിരികെ ബന്ധപ്പെട്ടെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം അക്കൗണ്ട് നോക്കി പണം ഇടപാടുകളിൽ ഉറപ്പ് വരുത്താതെ ഇത്തരം കാര്യങ്ങളിൽ എടുത്ത് ചാടരുതെന്നും അദിതി പറയുന്നു. തനിക്ക് ലഭിച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെയായിരുന്നു അദിതിയുടെ പോസ്റ്റ്.