പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് കടന്ന സംഭവം; കോടതി ഉത്തരവുണ്ടെങ്കിലെ പാസ്‌പോര്‍ട്ട് റദ്ദാക്കാനാകുവെന്ന് വിദേശകാര്യ മന്ത്രാലയം

0
116

ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് കടന്നത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം.

ഇന്ത്യ വിടുന്നതുമായി ബന്ധപ്പെട്ട് പ്രജ്വല്‍, പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നും കൊടുത്തിട്ടില്ലെന്നും മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ജര്‍മനിയിലേക്ക് പോകാന്‍ വിസ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യാനോ മടക്കിവിളിക്കാനോ സൈധിക്കുകയുള്ളൂ. ഇത്തരമൊരു കോടതി നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പ്രജ്വലിനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ വിദേശകാര്യമന്ത്രാലയം മുഖാന്തരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

ലൈംഗിക പീഡന വിവാദം പുറത്തെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രജ്വല്‍, ജര്‍മനിയിലേക്ക് കടന്നുവെന്നാണ് വിവരം.