ലൈംഗികാതിക്രമക്കേസിലെ പ്രതി ഹസൻ എംപി പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

0
207

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഹസൻ എംപി പ്രജ്വൽ രേവണ്ണ ജർമനിയിൽ നിന്ന് ഈയാഴ്ച തിരിച്ചെത്തിയേക്കുമെന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മെയ് മൂന്നിനോ നാലിനോ പ്രജ്വൽ ഇന്ത്യയിലേക്ക് മടങ്ങിയേക്കുമെന്ന് അധികൃതർ സൂചന നൽകി.

അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രജ്വല്‍ രേവണ്ണക്കെതിരേയും പിതാവ് എച്ച്ഡി രേവണ്ണക്കെതിരേയും ഇവരുടെ വീട്ടുജോലിക്കാരി പീഡനപരാതി നല്‍കിയത്. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണത്തില്‍ പോലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി പ്രജ്വല്‍ രേവണ്ണയ്ക്കും എച്ച്.ഡി. രേവണ്ണയ്ക്കും പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രജ്വല്‍ ജര്‍മനിയില്‍നിന്ന് ഉടന്‍ നാട്ടിലെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ ഏപ്രില്‍ 27-നാണ് പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് കടന്നത്. നിരവധി സ്ത്രീകളെ പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ചൂഷണംചെയ്‌തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പെന്‍ഡ്രൈവില്‍ സൂക്ഷിച്ചെന്നുമാണ് ആരോപണം. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളുടെയടക്കം ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു.

പ്രജ്വല്‍ രേവണ്ണയുടെ അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇവരുടെ വീട്ടുജോലിക്കാരിയായിരുന്ന 47-കാരി പീഡനപരാതി നല്‍കിയത്. എച്ച്.ഡി.രേവണ്ണയും പ്രജ്വല്‍ രേവണ്ണയും വീട്ടുജോലിക്കാരെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് രണ്ടുപേര്‍ക്കെതിരേയും പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അതേസമയം, ലൈംഗികാരോപണം കത്തിപ്പടര്‍ന്നതോടെ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും ജെഡിഎസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.