‘അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാർ’; ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് മോദി

0
142

ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. പിന്നാക്ക വിഭാഗക്കാരെ കേന്ദ്രസർക്കാർ തഴയുന്നുവെന്ന് രാഹുൽഗാന്ധി വിമർശിച്ചു. അതിനിടെ ലക്നൗവിൽ രാജ്നാഥ്സിങ്ങും അമേഠിയിൽ സ്മൃതി ഇറാനിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

‘അഞ്ചുവർഷം അഞ്ചു പ്രധാനമന്ത്രിമാർ’ എന്ന പരിഹാസം ഇന്ത്യാ സഖ്യത്തിനെതിരെ ആവർത്തിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ പ്രധാനമന്ത്രിയും രാജ്യത്തെ കൊള്ളയടിച്ചശേഷം സ്ഥാനം ഒഴിയുമെന്ന് മഹാരാഷ്ട്രയിലെ സോളാപൂരിലെ പ്രചരണ റാലിയിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ നരേന്ദ്രമോദി കടന്നാക്രമിച്ചു.

പിന്നാക്ക വിഭാഗങ്ങളോടുള്ള സർക്കാരിൻ്റെ അവഗണനയാണ് കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനം. ഡൽഹിയിൽ ഭരണം നടത്തുന്ന 90 ഐഎഎസ് ഉദ്യോഗസ്ഥരിൽ മൂന്നുപേർ മാത്രമാണ് പിന്നാക്ക വിഭാഗക്കാരെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

മധ്യപ്രദേശിലെ സ്ഥാനാർത്ഥി അക്ഷയ ബാം ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. പഞ്ചാബിലെ നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിൽ പോളിംഗ് കുറഞ്ഞതിൽ ആശങ്കയിലായ ബിജെപി നേതൃത്വം, ഹിന്ദുത്വ, ദേശീയത വിഷയങ്ങളിൽ പ്രചരണം ശക്തമാക്കാനായി ബിജെപി ആർഎസ്എസിന്റെ സഹായം തേടി. അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മതത്തിന്റെ പേരിൽ മോദി വോട്ട് തേടുകയാണെന്ന് ആരോപിച്ചായിരുന്നു ഹർജി.