അഞ്ചാംപനി കേസുകൾ കുത്തനെ ഉയരുന്നു; റിപ്പോർട്ടുമായി ലോക ആരോ​ഗ്യ സംഘടന

0
127

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കുത്തനെ ഉയരുന്നതായി ലോക ആരോ​ഗ്യ സംഘടന. 2022 അപേക്ഷിച്ച് 2023-ൽ കേസുകളിൽ 88 ശതമാനം വർധനവുണ്ടായതായി ലോകാരോ​ഗ്യസംഘടന ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.

2022-ൽ മീസിൽസ് കേസുകളുടെ നിരക്ക് 1,71,153 ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത് ഇരട്ടിയായി 3,21,582 എന്ന സംഖ്യയിലേക്കെത്തി. ബാഴ്സലോണയിൽ വച്ചുനടന്ന ESCMID ​ഗ്ലോബൽ കോൺ​ഗ്രസിലാണ് ലോകാരോ​ഗ്യസംഘടനയിൽ നിന്നുള്ള പാട്രിക് ഒ കോണർ ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്.

കോവിഡ് കാലത്ത് മീസിൽസിനുള്ള വാക്സിനേഷൻ നിരക്കുകൾ കുറഞ്ഞതാണ് ആ​ഗോളതലത്തിലുള്ള ഈ രോ​ഗവർധനവിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതിരോധസംവിധാനത്തിന്റെ താളം തെറ്റിയാൽ അങ്ങേയറ്റം വ്യാപനശേഷിയുള്ള മീസിൽസ് വൈറസ് വലിയ രീതിയിലുള്ള രോ​ഗവ്യാപനത്തിന് കാരണമാകുമെന്നും തുല്യവും ഏകീകൃതവുമായ വാക്സിനേഷൻ രീതി ഉറപ്പാക്കേണ്ടതുണ്ടെന്നും പാട്രിക് പറഞ്ഞു.

2024-ൽ മീസിൽസ് കേസുകൾ ആശങ്കപ്പെടുത്തും വിധത്തിൽ ഉയരുമെന്നും ലോകാരോ​ഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏപ്രിൽ ആദ്യം വരെയുള്ള കണക്കുകൾ മാത്രമെടുത്താൽ രോ​ഗികളുടെ എണ്ണം 94,481-ൽ എത്തിനിൽക്കുകയാണ്. ഇതിൽ നാൽപത്തിയഞ്ചുശതമാനം രോ​ഗികളും യൂറോപ്യൻ മേഖലകളിലും യെമൻ, അസർബൈജാൻ, കിർ​ഗിസ്ഥാൻ തുടങ്ങിയ ഇടങ്ങളിലുമാണ്.

അതേസമയം മീസിൽസ് വാക്സിനേഷനിലൂടെ 2000 മുതൽ 2022 വരെയുള്ള ഏകദേശം 57 ദശലക്ഷം മരണങ്ങൾ ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്താണ് മീസിൽസ് ?

മിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് മീസിൽസ്. ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും മീസിൽസ് ഉണ്ടാവാറുണ്ട്.

ലക്ഷണങ്ങള്‍

പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകില്‍നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്നശേഷം ദേഹമാസകലം ചുവന്ന പൊടിപ്പുകള്‍ കാണും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം.

പകരുന്നത്

അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്‍നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. മുഖാമുഖം നമ്പര്‍ക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായ 90 ശതമാനം ആള്‍ക്കാര്‍ക്കും രോഗം വരാം.

സങ്കീര്‍ണതകള്‍

വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജലീകരണവും ചെവിയില്‍ പഴുപ്പും ആണ് പ്രധാന പ്രശ്‌നം. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കില്‍ മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എ-യുടെ കുറവും വ്യത്യസ്ത ശ്വാസകോശരോഗങ്ങളും വരാം. അഞ്ചാം പനി കാരണമുള്ള മരണങ്ങളുടെ പ്രധാന വില്ലന്‍ ന്യുമോണിയ തന്നെ. അസുഖം വന്ന് പത്ത് വര്‍ഷം കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്‌ക്ലിറോസിങ് എന്‍സെഫലൈറ്റിസ് ഉണ്ടാവാം.

കുത്തിവെപ്പുതന്നെ രക്ഷ

പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് ഇതിന് പരിഹാരം. കുട്ടിക്ക് ഒന്‍പത് മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം.രണ്ടാമത്തെ ഡോസ് ഒന്നര മുതല്‍ രണ്ടുവയസ്സാകുന്നതുവരെ ചെയ്യാം. രണ്ടു ഡോസ് വാക്സിന്‍ 97 % സംരക്ഷണം നല്‍കും.