ഓർഡർ ചെയ്ത ഐസ്ക്രീം വിതരണം ചെയ്‌തില്ല; സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

0
137

ഉപഭോക്താവ് ഓർഡർ ചെയ്ത ഐസ്ക്രീം ഡെലിവറി ചെയ്യാത്തതിനാൽ സ്വിഗ്ഗി 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബെംഗളൂരു ഉപഭോക്തൃ കോടതി. കസ്റ്റമർ ഓർഡർ ചെയ്ത 187 രൂപയുടെ ഐസ്‌ക്രീം എത്തിക്കാത്തതിനാലാണ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്. 3000 രൂപ നഷ്ടപരിഹാരവും കോടതി വ്യവഹാരച്ചെലവിലേക്ക് 2000 രൂപയും നൽകണമെന്നാണ് കോടതി വിധി. കമ്പനിയുടെ ഉപഭോക്തൃ സേവനത്തിലെ പാളിച്ച കോടതി ചൂണ്ടിക്കാണിക്കുകയും വിമർശിക്കുകയും ചെയ്തു.

2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് സ്വിഗ്ഗിയിൽ നിന്ന് ഐസ്‌ക്രീം ഓർഡർ ചെയ്ത യുവതിയ്ക്കാണ് നഷ്ടമുണ്ടായത്. ഓർഡർ ചെയ്ത് വളരെ നേരം കാത്തിരുന്നിട്ടും ഐസ്‌ക്രീം ഇവരുടെ വീട്ടിൽ എത്തിയില്ല. പിന്നീട് ആപ്പിൽ നോക്കിയപ്പോൾ ഐസ്‌ക്രീം ഡെലിവറി പൂർത്തിയായി എന്ന മെസേജാണ് കണ്ടത്. എന്നാൽ ഐസ്‌ക്രീമിന്റെ പണം ഇവർക്ക് റീഫണ്ട് ആയതുമില്ല. ഇതേത്തുടർന്നാണ് കമ്പനിയ്‌ക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാൻ യുവതി തീരുമാനിച്ചത്. എന്നാൽ കസ്റ്റമറിനെയും റെസ്റ്റോറന്റിനെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി മാത്രമാണ് തങ്ങളെന്നാണ് സ്വിഗ്ഗി കോടതിയെ അറിയിച്ചു.

ഡെലിവറി ഏജന്റിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് കമ്പനിയെ പഴിക്കാനാകില്ലെന്നും സ്വിഗ്ഗി പ്രതിനിധികൾ കോടതിയെ അറിയിച്ചു. എന്നാൽ സ്വിഗ്ഗിയുടെ വിശദീകരണം കോടതി തള്ളി. ഡെലിവറി ചെയ്യാതിരുന്നിട്ടും ഐസ്‌ക്രീമിന് നൽകിയ പണം റീഫണ്ട് നൽകാത്തതിനെ കോടതി നിശിതമായി വിമർശിക്കുകയും ചെയ്തു. 10000 രൂപ നഷ്ടപരിഹാരമായി നൽകണമെന്നും 7500 രൂപ കോടതി ചെലവുകൾക്കായി കമ്പനി നൽകണമെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാൽ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കോടതി പരാതിക്കാരിയ്ക്ക് 5000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് സ്വിഗ്ഗിയോട് ആവശ്യപ്പെടുകയായിരുന്നു.