ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ ബ്രിജ് ഭൂഷൺ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. അങ്ങനെ സംഭവിക്കാൻ 99.9% സാധ്യതയുണ്ടെന്ന് ബ്രിജ് ഭൂഷൺ തന്നെ പറഞ്ഞു. വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ബ്രിജ് ഭൂഷൻ.
‘നിലവിൽ ഞാൻ സ്ഥാനാർത്ഥിയല്ല. കഴിഞ്ഞ തവണ രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു എന്റെ വിജയം. ഇത്തവണ അഞ്ച് ലക്ഷത്തിലേറെ വോട്ടുകളുടെ വിജയം വേണമെന്ന മുദ്രാവാക്യമാണ് പ്രവർത്തകർ ഉയർത്തുന്നത്. ദൈവഹിതം അതാണെങ്കിൽ ഞാനെന്ത് ചെയ്യാൻ ? ഞാൻ ശക്തനായ മത്സരാർത്ഥിയാണ്. 99.9% വും ഞാൻ തന്നെ മത്സരിക്കും, 0.1% ബാക്കി നിൽക്കുന്നുണ്ട്’ – ബ്രിജ് ഭൂഷൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് വെറും ഒരു മണിക്കൂർ മുൻപ് പോലും പാർട്ടി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാലും ജനങ്ങൾ തനിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് സിറ്റിംഗ് എംപി ബ്രിജ് ഭൂഷൻ പറഞ്ഞു.
പാർട്ടി പറഞ്ഞ 400 സീറ്റുകളിൽ ഒന്നാണ് കേസർഗഞ്ചെന്നും, ഈ സീറ്റിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ചിന്തിക്കുകയേ വേണ്ടെന്നുമുള്ള ആത്മവിശ്വാസം ബ്രിജ് ഭൂഷൻ പങ്കുവച്ചു.