വയനാട് പനമരം നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഏപ്രിൽ 29ന് കോടതി പ്രഖ്യാപിക്കും.കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
2021 ജൂൺ 10ന് രാത്രിയാണ് അർജുൻ വയോധിക ദമ്പതികളായ റിട്ട. അധ്യാപകന്‍ കേശവനെയും ഭാര്യ പത്മാവതിയെയും മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്. നെല്ലിയമ്പത്തെ വീട്ടില്‍ വെട്ടേറ്റ നിലയിൽ അയൽവാസികളാണ് ദമ്പതികളെ ആദ്യം കണ്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തും പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു.
സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സെപ്റ്റംബർ 17നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. ഫോറൻസിക് പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പനമരം, നീര്‍വാരം സ്‌കൂളുകളിലെ കായിക അധ്യാപകനായിരുന്നു മരിച്ച കേശവന്‍.
അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഡിസംബർ 20നാണ് കേസിന്‍റെ വിചാരണ പൂർത്തിയായത്. ഫെബ്രുവരി 16നാണ് വാദം കേൾക്കൽ തുടങ്ങിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി സണ്ണി പോളും അഡ്വ. പി എം സുമേഷും പ്രതിക്കുവേണ്ടി അഡ്വ. പി ജെ ജോർജും ഹാജരായി.