ഐപിഎല്ലിൽ പഞ്ചാബിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്

0
212

ഐപിഎല്ലിൽ പഞ്ചാബിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. പഞ്ചാബ് ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയുടെ പ്രകടനമാണ് ഗുജറാത്തിന് തുണയായത്.

പഞ്ചാബ് ടീം സ്‌കോര്‍ 25- നില്‍ക്കേയാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. വൃദ്ധിമാന്‍ സാഹയെ(13) അര്‍ഷ്ദീപ് സിങ് പുറത്താക്കി. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ സായ് സുദര്‍ശനുമൊത്ത് ഗില്‍ സ്‌കോറുയര്‍ത്തി. പത്താം ഓവറില്‍ ഗുജറാത്തിന്റെ രണ്ടാം വിക്കറ്റും വീണു. 29-പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ലിവിങ്‌സ്റ്റോണ്‍ പുറത്താക്കി. പിന്നാലെ 4 റണ്‍സ് മാത്രമെടുത്ത ഡേവിഡ് മില്ലറും കൂടാരം കയറി.

ടീം സ്‌കോര്‍ 97-ല്‍ നില്‍ക്കേ സായ് സുദര്‍ശനെ(31) സാം കറന്‍ പുറത്താക്കി. 13-റണ്‍സ് മാത്രമെടുത്ത് അസ്മത്തുള്ള ഓമര്‍സായിയും പുറത്തായതോടെ പഞ്ചാബിന് ജയപ്രതീക്ഷ കൈവന്നു. എന്നാല്‍ രാഹുല്‍ തെവാട്ടിയ അടിച്ച് കളിച്ചതോടെ ഗുജറാത്ത് മത്സരം സ്വന്തമാക്കി. 18-പന്തില്‍ നിന്ന് 36-റണ്‍സെടുത്ത തെവാട്ടിയ പുറത്താവാതെ നിന്നു. റാഷിദ് ഖാന്‍ (3), ഷാരൂഖ് ഖാന്‍(8) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു.

നേരത്തേ 142-റണ്‍സിന് പഞ്ചാബ് പുറത്തായിരുന്നു. പഞ്ചാബിനായി ബാറ്റിങ്ങിനിറങ്ങിയ സാം കറനും പ്രഭ്‌സിമ്രാന്‍ സിങ്ങും മികച്ച തുടക്കമാണ് നല്‍കിയത്. ആറാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ അമ്പത് കടത്തി. സ്‌കോര്‍ 52-ല്‍ നില്‍ക്കേ തകര്‍ത്തടിച്ച പ്രഭ്‌സിമ്രാന്റെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. 21-പന്തില്‍ നിന്ന് 35-റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നീടങ്ങോട്ട് ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ പഞ്ചാബ് നിരയില്‍ ആര്‍ക്കുമായില്ല. റിലീ റൂസ്സോ(9), സാം കറന്‍(20), ലിയാം ലിവിങ്‌സ്‌റ്റോണ്‍(6), ജിതേഷ് ശര്‍മ(13), അശുതോഷ് ശര്‍മ(3), ശശാങ്ക് സിങ്(8) എന്നിവരെല്ലാം വേഗത്തില്‍ മടങ്ങി.

ഹര്‍പ്രീത് സിങ് ഭാട്ടിയ, ഹര്‍പ്രീത് ബ്രാര്‍ എന്നിവരുടെ ചെറുത്തുനില്‍പ്പാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹര്‍പ്രീത് ബ്രാര്‍ 12-പന്തില്‍ നിന്ന് 29-റണ്‍സെടുത്ത് പുറത്തായി. ഹര്‍പ്രീത് സിങ് ഭാട്ടിയ 14 റണ്‍സെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേലിന് റണ്ണൊന്നുമെടുക്കാനായില്ല. നാല് വിക്കറ്റെടുത്ത സായ് കിഷോറാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. നൂര്‍ അഹമ്മദും മോഹിത് ശര്‍മയും രണ്ട് വീതം വിക്കറ്റെടുത്തു.