‘400 കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിനിത്ര വെപ്രാളം?’ ബിജെപിയുടേത് ദിവാസ്വപ്നമെന്ന് സീതാറാം യെച്ചൂരി

0
148

ദക്ഷിണേന്ത്യയിൽ ബിജെപി വിരുദ്ധ, മോദി വിരുദ്ധ വികാരം പ്രകടമാണെന്നും 400 സീറ്റ് കടക്കുമെന്നത് ബിജെപിയുടെ ദിവാസ്വപ്നമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. 2004ലേതുപോലെ ഇത്തവണയും ഇടതിന്റെ ശക്തമായ സാന്നിധ്യം പാർലമെന്റിൽ ജനം ആഗ്രഹിക്കുന്നുവെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിലും രാജ്യത്തിന്റെ പല ഭാഗത്തും പ്രചാരണത്തിനായി സഞ്ചരിച്ചുവല്ലോ. എന്താണ് മൂഡ്?

ഓരോ സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിലും തമിഴ്നാട്ടിലും വളരെ കൃത്യമായ ബിജെപി വിരുദ്ധ, മോദി വിരുദ്ധ വികാരം പ്രകടമാണ്. 400 കടക്കുമെന്ന ബിജെപിയുടെയും മോദിയുടെയും പ്രചാരണം ദിവാസ്വപ്നമാണെന്നു വ്യക്തമാവുന്നു. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിലേക്ക് മുന്നിലേക്കു വരുന്നുണ്ട്. യോഗങ്ങളിലും മറ്റും ജനം അവ എടുത്തുപറയുന്നുമുണ്ട്.

കേരളത്തിൽ?

എപ്പോഴത്തെയുംപോലെ എൽ‍ഡിഎഫ് – യുഡിഎഫ് ധ്രുവീകരണം പൂർണം. കേരളത്തിലെ വോട്ടർമാർ ഏറെ പക്വതയുള്ളവരും സ്വയം തീരുമാനമെടുക്കുന്നവരുമാണ് – കേന്ദ്രവും സംസ്ഥാനവും ആരു ഭരിക്കണമെന്നതിൽ. ഇത്തവണ 2004ലേതുപോലെ ഇടതിന്റെ ശക്തമായ സാന്നിധ്യം പാർലമെന്റിൽവേണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നാണ് കേരളത്തിലെ യാത്രയിൽ എനിക്കു മനസിലായത്.

കേരളത്തിൽനിന്നു കോൺഗ്രസല്ല, ഇടതു പ്രതിനിധികൾ പാർലമെന്റിൽ ഉണ്ടാവണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നോ?

എങ്ങനെ ശക്തമായ ഇടത് സാന്നിധ്യം പാർലമെന്റിൽ ഉണ്ടാവണമെന്ന് ജനമാണ് തീരുമാനിക്കുക. 2004ൽ കേരളത്തിലെ ജനം എൽഡിഎഫിന് 18 സീറ്റ് നൽകിയതാണ്. അത് മൻമോഹൻ സിങ് സർക്കാരിന്റെ സ്ഥിരതയ്ക്കും ജനാഭിമുഖ്യമുള്ള ഒട്ടേറെ നയങ്ങൾക്കും സഹായകമായി – നഗരങ്ങളിലെ തൊഴിലുറപ്പ്, വിവരാവകാശം, ഭക്ഷ്യസുരക്ഷ, വന വിഭവങ്ങൾക്കുള്ള അവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവയൊക്കെ സാധ്യമായത് ശക്തമായ ഇടതുസാന്നിധ്യം കൊണ്ടാണ്. അവയൊക്കെ നടപ്പാക്കാനുള്ള പ്രതിബദ്ധത യുപിഎ സർക്കാർ കാണിച്ചു. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാനും ജനക്ഷേമ നടപടികൾക്കും ഇടത് പങ്കാളിത്തം സഹായിച്ചു.

സിപിഎം ഇത്തവണ 14 സംസ്ഥാനങ്ങളിലും ആൻഡമാനിലുമായി മൊത്തം 52 സീറ്റിൽ മൽസരിക്കുന്നു. 2019ൽ 69 സീറ്റിൽ മൽസരിച്ചു; മൂന്നിൽ ജയിച്ചു, 51 സീറ്റിൽ പണം പോയി. 1977ൽ‍ 53ൽ മൽസരിച്ച് 22ൽ ജയിച്ചു. ഏതാണ് ഇത്തവണ ആവർത്തിക്കുക?

രാഷ്ട്രീയമില്ലാത്ത കണക്ക് അർഥമില്ലാത്തതാണ്. 1977ലെ രാഷ്ട്രീയമെടുത്താൽ, അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിപക്ഷം ഒരുമിച്ചുവന്നു, തമ്മിൽ ധാരണയുണ്ടാക്കി. അതുകൊണ്ടാണ് കുറവു സീറ്റിൽ മൽസരിച്ചിട്ടും കാര്യമായ നേട്ടമുണ്ടായത്. കണക്കു മനസിലാകണമെങ്കിൽ അപ്പോഴത്തെ രാഷ്ട്രീയവും മനസിലാവണം. കഴിഞ്ഞ തവണ കോൺഗ്രസുമായി ബംഗാളിൽ ധാരണയില്ലായിരുന്നു, ഞങ്ങൾ മുൻപത്തേപോലെ എല്ലാ സീറ്റിലും മൽസരിച്ചു. ഇത്തവണ ധാരണയുണ്ട്. ഞങ്ങളുടെ സീറ്റ് കുറഞ്ഞു, 23 ആയി. ആ കുറവ് രാഷ്ട്രീയ സ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. അതു വെറും സഖ്യയല്ല. ഇത്തവണ സ്ഥിതി മെച്ചപ്പെടുമെന്നാണ് ഞാൻ‍ കരുതുന്നത്. ഒാരോ സംസ്ഥാനത്തും ധാരണയുണ്ട് – ബിഹാറിൽ ‍ഞങ്ങൾ മഹാസഖ്യ ഭാഗമായി ഒരു സീറ്റിലാണ് മൽസരിക്കുന്നത്, സാധാരണ 4–5 സീറ്റിൽ മൽസരിക്കുന്നതാണ്. രാജസ്ഥാനിൽ ഇത്തവണ ഞങ്ങൾ‍ ഒരു സീറ്റിൽ മാത്രം, ധാരണയുടെ ഭാഗമായി.

പ്രതിപക്ഷ സഖ്യഭാഗമായി സഹനത്തിനു തയ്യാറായപ്പോൾ നിങ്ങളുടെ സീറ്റെണ്ണം കുറഞ്ഞു. പക്ഷേ, ആൻഡമാനിലും അസമിലും കർ‍ണാടകയിലും പഞ്ചാബിലും തെലങ്കാനയിലും ഒഡീഷയിലും സിപിഎമ്മിന് കോൺഗ്രസിനെതിരെ സ്ഥാനാർഥിയുണ്ട്. ഉദാരമതി ഇങ്ങനെ പെരുമാറാമോ?

സ്വയം തുടച്ചുനീക്കുന്നത്ര ഉദാരമതിയാവാൻ‍ പറ്റില്ല. കോൺഗ്രസ് കുറച്ചുകൂടി മര്യാദ കാണിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അപ്പോഴും, ഇവിടെയൊക്കെ ഒരു സീറ്റിൽ വീതമാണ് ഞങ്ങൾ മൽ‍സരിക്കുന്നത്.

ബിഹാറിൽ ഒരു സീറ്റുകൊണ്ടു തൃപ്തിയാവാം, പക്ഷേ, മറ്റു ചിലയിടത്ത് ഒന്നു പോലുമില്ലെങ്കിൽ പറ്റില്ല? വെറുതെ കുളം കലക്കാൻ?

കോൺഗ്രസാണ് കുളം കലക്കുന്നത്. ആന്ധ്രയിൽ അവർ എത്ര സീറ്റ് നേടും? പ്രവചിക്കൂ? തെലങ്കാനയിൽ എത്ര നേടുമെന്നാണ്?

യച്ചൂരി ജനറൽ‍ സെക്രട്ടറിയാവുമെന്ന് പ്രവചിക്കാനായി. അതുപോലെ എളുപ്പമല്ല. എങ്കിലും, തെലങ്കാനയിൽ അവർ കഴിഞ്ഞ തവണത്തേക്കാൾ മെച്ചച്ചമായിരിക്കും.

അതേ, കഴിഞ്ഞ തവണത്തേക്കാൾ. അവർ ഇടതിനെയും കൂടെക്കൂട്ടാൻ താൽപര്യപ്പെട്ടിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ടേനെ, നിയമസഭയിൽ പോലും. ഇടതില്ലാതെ സാധിക്കുമെന്നാണ് അവരുടെ വിചാരം. ആയിക്കോട്ടെ. അവർ കാരണം ഞങ്ങൾ രാഷ്ട്രീയം അവസാനിപ്പിക്കാനില്ല. അവർ ന്യായമായ രീതിയിൽ പെരുമാറണമായിരുന്നു. അതു സംഭവിക്കാത്തിടത്തൊക്കെ മൽസരിക്കാൻ ഞങ്ങൾ നിർബന്ധിതരായി.

വനിതാ സംവരണ നിയമം നടപ്പാക്കാൻ സിപിഎമ്മിന് ഉൽസാഹമാണ്. എന്നാൽ 52 സ്ഥാനാർഥികളിൽ‍ ആകെ 7 വനിതകളാണുള്ളത്, 15% പോലുമില്ല.

അതുകൊണ്ടാണ് സംവരണം വേണ്ടത്. സംവരണമില്ലാതെ നടപ്പാകുമെങ്കിൽ സംവരണത്തിന്റെ ആവശ്യമില്ല. ആൺ മേൽക്കോയ്മുള്ള നമ്മുടെ സമൂഹത്തിൽ സംവരണത്തിലൂടെ മാത്രമേ പങ്കാളിത്തം ഉറപ്പാക്കാനാവൂ. അതാണ് തദ്ദേശ സ്ഥാപനങ്ങളിൽ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. സമ്മതിക്കുന്നു, കൂടുതൽ വനിതകൾക്ക് സീറ്റ് നൽകേണ്ടതായിരുന്നു.

സഖ്യങ്ങൾ ഉണ്ടാക്കുന്നതിലും തകർക്കുന്നതിലും സിപിഎം ജനറൽ സെക്രട്ടറിമാർ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. യുപിഎ – ഇടത് സഖ്യത്തിന്റെ ശില്പികളിലൊരാളായിരുന്നു സുർജിത്. കാരാട്ടിന് അതിന്റെ ഭാഗമാകാനും പിന്നീടതിനെ തകർക്കാനും സാധിച്ചു. 2019 ശില്പിയാകാനുള്ള താങ്കളുടെ ആഗ്രഹം നടന്നില്ല

2019ൽ അതു നടക്കാതിരുന്നത് കോൺഗ്രസ് കാരണമാണ്. ഇപ്പോഴത്തെ ഇന്ത്യ കൂട്ടുകെട്ട് – അതിന്റെ രൂപീകരണത്തിൽ ഇടതുപാർട്ടികൾ അതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇടതിന്റെ കടുത്ത വിമർശകർപോലും അതു നിഷേധിക്കില്ല. ഞങ്ങൾ വഹിക്കുന്ന പങ്ക് യഥാർഥ രാഷ്ട്രീയ സാഹചര്യത്തെ ആശ്രയിച്ചിരിക്കും. സുർജിത്ത് ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സിപിഎമ്മിന് മൂന്നു സംസ്ഥാനങ്ങളിൽ ഭരണമുണ്ടായിരുന്നു, പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു. അന്ന് തികച്ചും വ്യത്യസ്തമായൊരു റോൾ വഹിക്കാനാവും. ഇപ്പോൾ, ഒരു സംസ്ഥാനത്തു ഭരണം, മൂന്ന് എംപിമാർ. അതാണ് പ്രധാന വ്യത്യാസം. വ്യക്തികളേയല്ല, വസ്തുതാപരമായ യാഥാർഥ്യമാണ് കാണേണ്ടത്.

2019ൽ സഖ്യമില്ല. ഇത്തവണ ‘ഇന്ത്യ’യുണ്ട്. ഐക്യമുന്നണി സർക്കാർ, ജനതാ സർക്കാർ അനുഭവങ്ങളൊക്കെ മനസിലുള്ള ജനം എന്തിന് പുതിയ സഖ്യത്തെ വിശ്വസിക്കണം?
കാരണം, ഇതാണ് അവർക്കു മുന്നിലുള്ള ഏറ്റവും മികച്ച ബദൽ. ബിജെപി നയിക്കുന്ന എൻഡിഎയെ വിശ്വസിച്ചാൽ നമ്മുടെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയും നമ്മുടെ റിപബ്്ളിക്കിന്റെ സ്വഭാവവും ഇല്ലാതാവുന്നതു കാണാനാവും.

മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യവുമൊക്കെ സംരക്ഷിക്കാൻ നിങ്ങൾ ഒരുമിച്ചു നിൽക്കുമെന്ന് എന്തുറപ്പ്?

ആർഎസ്എസും ബിജെപിയും നമ്മുടെ മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നത് ഞങ്ങൾക്ക് തടയാനാവും. ആ തടയലിനു തന്നെ വലിയൊരു പങ്കു വഹിക്കാനാവും –
ജനതാ പാർട്ടിയുടെ അസ്ഥിര സ്ഥിതിയുള്ളപ്പോഴും 1977ൽ കോൺഗ്രസ് രാജ്യത്തെ ജനാധിപത്യം തകർക്കുന്നത് തടയാനായി. കോൺഗ്രസിന് അടിയന്തരാവസ്ഥയിലേക്കു തിരിച്ചുപോകാനായില്ല. രാജ്യത്തെ രാഷ്ട്രീയ സാഹചര്യമാകെ മാറുന്നു. അതാണ് ഇത്തവണയും സംഭവിക്കുക.

നരേന്ദ്ര മോദി പറയുന്നത് രാജ്യത്തിന്റെ വികസനം താൽപര്യമില്ലാത്തവരും നിർധനരുടെ മകൻ‍ പ്രധാനമന്ത്രിയാകുന്നത് ഇഷ്ടപ്പെടാത്തവരുമാണ് തനിക്കെതിരെ ഒന്നിച്ചിരിക്കുന്നതെന്നാണ്.

ശുദ്ധ അസംബന്ധം. രാജ്യത്തിന്റെ വികസനമാണ് ഞങ്ങൾക്കു വേണ്ടത്. ശിങ്കിടികളുടെ വികസനമല്ല, മോദി സൃഷ്ടിച്ച കോർപറേറ്റ് – ഹിന്ദുത്വ ബന്ധത്തിന്റെ വികസനമല്ല. മോദി വികസിപ്പിച്ച കോർപററേറ്റ് – ഹിന്ദുത്വ കൂട്ടുകെട്ട് രാജ്യത്തെ കൊള്ളയടിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്തത്രയും ഏതാനും പേരുടെ കൈകളിലാണ്, അവരിലേറെയും മോദിയുടെ ശിങ്കിടകളാണ്. വികസനത്തിന്റെ മെച്ചങ്ങൾ ജനത്തിന് നിഷേധിക്കപ്പെടുന്നു. ജനത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാണ് മോദി പോകണമെന്ന് ഞങ്ങൾ പറയുന്നത്. എന്താണീ നിർധന വാദം? കോൺഗ്രസ് പ്രസിഡന്റിനെ നോക്കൂ, എന്താണ് അദ്ദേഹത്തിന്റെ പശ്ചാത്തലം? അപ്പോൾ നിർധനവാദമൊക്കെ മോദിയുടെ പബ്ളിസിറ്റി തട്ടിപ്പുകളാണ്. ‍ജനമതു മടുത്തുകഴിഞ്ഞു.

ആദ്യം മോദി ‘ഇന്ത്യ’യെന്ന പേരിന് കുറ്റം പറഞ്ഞു. ഇപ്പോൾ നിങ്ങൾ തുക്കഡെ, തുക്കഡെ ഗാങ് ആണെന്നു പറയുന്നു.

ഒന്നുകിൽ അദ്ദേഹം വർഗീയ വേർതിരിവുണ്ടാക്കും. അല്ലെങ്കിൽ ദേശീയ താൽപര്യവാദവും ദേശീയ സുരക്ഷയുമൊക്കെ പറയും. കാരണം, അവർക്ക് മറ്റൊന്നുമില്ല, നെഗറ്റിവ് ആയ ആഖ്യാനങ്ങളല്ലാതെ.

പക്ഷേ, സിപിഎം കുറ്റം കണ്ടുപിടിക്കുന്നത് കോൺഗ്രസിന്റെ പ്രകടനപത്രികയിലാണ്. അതിൽ സിഎഎ പരാമർശിക്കുന്നില്ലെന്ന്. അവരുടെ പത്രികയിൽ, ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കാത്ത നിയമങ്ങൾ ഇല്ലാതാക്കുമെന്നു പറയുന്നുണ്ടല്ലോ?

അതു കേരളത്തിലാണ്. അഖിലേന്ത്യാ തലത്തിൽ ഞങ്ങൾ കോൺഗ്രസിന്റെ പ്രകടനപത്രികയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളും കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിലെ വിഷയമാണത്.

അണു ബോബിനെതിരെയുള്ള നിങ്ങളുടെ നിലപാടിൽ മോദി കുഴപ്പം കാണുന്നുണ്ട്.
ഞങ്ങളുടെ നിലപാടിൽ പുതുമയുണ്ടോ? ഈ പ്രധാനമന്ത്രിയോടു പറയേണ്ട കാര്യമിതാണ്: നിങ്ങളുടെ അണുബോംബാണ് പാകിസ്ഥാനെ ആണവ ശക്തിയാക്കിയത്. അണു ബോംബില്ലായിരുന്നപ്പോൾ പരമ്പരാഗത യുദ്ധരീതിയിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈയുണ്ടായിരുന്നു, പാകിസ്ഥാനെതിരെ. ഇപ്പോൾ, പാകിസ്ഥാനെയും ഒപ്പത്തിനൊപ്പമാക്കിയിരിക്കുന്നു. അതാണ് അവരുടെ വലിയ സംഭാവന.

മോദി പറയുന്നത് രാഹുൽ ഗാന്ധി പിണറായിയുടെ അഴിമതിയെ നിശബ്ദമായി പിന്തുണയ്ക്കുന്നുവെന്നാണ്. രാഹുൽ പറയുന്നു, പിണറായിയെ ജയിലിലിടാൻ മോദി തയ്യാറാവുന്നില്ലെന്ന്. രാഹുൽ താങ്കളുടെ നല്ല സുഹൃത്തുമാണ്.

മോദിയും രാഹുലുംകൂടി തീരുമാനിക്കട്ടെ ആരാണ് ശരി, ആരാണ് തെറ്റെന്ന്. അവരാണല്ലോ ഇതൊക്കെ പറയുന്നത്, ഞാനല്ല. എന്നെ അതിലേക്കു വലിച്ചിഴക്കുന്നതെന്തിന്?

പക്ഷേ, രാഹുലിന്റെ പരാമർശത്തെ നിങ്ങളുടെ പാർട്ടി ശക്തമായി വിമർശിച്ചു.

തെറ്റായ കാര്യങ്ങൾ പറയുമ്പോൾ‍, തെറ്റെന്നു പറയാൻ ഞങ്ങൾ‍ ഒരിക്കലും മടിച്ചിട്ടില്ല.
സുഹൃത്തുക്കളായിരിക്കുന്നത് ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുമാണ്.

താങ്കൾ രാഹുലിനോടു പറഞ്ഞോ?
പറഞ്ഞല്ലോ, പരസ്യമായി. രഹസ്യമായും പരസ്യമായും ഞാൻ പറയുന്നതിൽ വ്യത്യാസമില്ല. എല്ലായിടത്തും ശത്രുക്കളുടെ ആവശ്യമില്ല. കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചു പറയുന്നത് തെറ്റാണെന്ന് പരസ്യമായി ഞാൻ പറയുന്നുണ്ട്.

കേരളത്തിലെ ചില നേതാക്കൾക്കെതിരെയുള്ള കേസുകൾ കാരണം സിപിഎം ബിജെപിയെ സഹായിക്കാൻ‍ രഹസ്യധാരണയുണ്ടാക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.

വ്യക്തികൾ തിരിച്ചും വിഷയങ്ങൾ തിരിച്ചും നിലപാടെടുക്കുന്ന പാർട്ടിയല്ല ഞങ്ങളുടേത്. പാർട്ടിക്ക് അതിന്റെ നയങ്ങളും പരിപാടിയുമുണ്ട്. മോദിയുടെ ഒാരോ നയത്തെയും എതിർക്കാൻ ആരാണ് മുന്നിൽ നിന്നത്? സിഎഎയെ എതിർത്തതിന് ഞാനുൾപ്പെടെ അറസ്റ്റിലായി, 370നെ ചോദ്യം ചെയ്തില്ലേ – കശ്മീരിൽ തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ കാണാൻ ഇരുമ്പുമറ ഭേദിച്ചു ചെന്ന ഏക നേതാവു ഞാനല്ലേ? ബിൽക്കീസ് ബാനോ കേസിൽ ശിക്ഷയിളവു നൽകിയതിനെ കോടതിയിൽ ചോദ്യം ചെയ്ത ഏക രാഷ്ട്രീയപ്പാർട്ടി ഞങ്ങളല്ലേ? തിരഞ്ഞെടുപ്പു കടപ്പത്രത്തെ കോടതിയിൽ ചോദ്യം ചെയ്തത് ഞങ്ങളല്ലേ?എവിടെയാണ് മോദിയോട് മൃദുസമീപനം?

സിപിഎം ദേശീയമായി എന്തു ചെയ്യുന്നു എന്നതല്ല. കേരളത്തിൽ ആരോപണ വിധേയരായ ചില നേതാക്കളുള്ളതിനാൽ ആ നേതാക്കൾ ധാരണയുണ്ടാക്കുന്നുവെന്നാണ് ആരോപണം. ലാവ്‌ലിൻ േകസിന്റെ മെല്ലെപ്പോക്കുതന്നെ ഉദാഹരണം.

കേസുകളുണ്ടെങ്കിൽ‍ അവ അന്വേഷിക്കട്ടെ. എല്ലാം കേന്ദ്രത്തിന്റെ അധികാരപരിധിയിലാണല്ലോ. മോദിയുമായി ധാരണയുണ്ടാക്കിയാൽ എങ്ങനെയാണ് ലാവ്‌ലിൻ കേസിൽ മെല്ലെപ്പോക്കുണ്ടാവുക? ആ കേസ് അടിസ്ഥാനമില്ലാത്തതാണ്. അതുകൊണ്ടാണ് അവർക്കു മുന്നോട്ടുപോകാനാവാത്തത്. അതെങ്ങനെയാണ് ധാരണയുടെ ഭാഗമാകുക? കേസിന് അടിസ്ഥാനമില്ലെങ്കിൽ അതിനർഥം ധാരണയെന്നാണോ?

കേരളത്തിലെ അഴിമതി, സ്വജനപക്ഷപാത ആരോപണങ്ങൾ എത്രത്തോളം സിപിഎമ്മിന്റെ ദേശീയ പ്രതിഛായയെ ബാധിച്ചിട്ടുണ്ട്? ശത്രുവായ മോദി പോലും പറയുന്നു സിപിഎം പണ്ട് ഇങ്ങനെയല്ലായിരുന്നുവെന്ന്.

ആരോപണങ്ങളിൽ മിക്കതും വരുന്നത് തിരഞ്ഞെടുപ്പുകാലത്താണ്. സ്വജനപക്ഷപാതമോ – രാഷ്ട്രീയ നേതാക്കളുടെ മക്കൾ രാഷ്ട്രീയ നേതാക്കളാവുന്നത് സ്വജനപക്ഷപാതമാണോ?

മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രിയാകുന്നതുൾപ്പെടെ?

ഒട്ടേറെ മുൻ‍ മുഖ്യമന്ത്രിമാരുടെ മക്കൾ ഇപ്പോൾ മന്ത്രിമാരാണ്. അത് ജനാധിപത്യമാണ്.

വിമർശകർ പറയുന്നത് സിപിഎം നേരത്തെ പാലിച്ചിരുന്ന ധാർമിക നിലവാരവുമായി താരതമ്യം ചെയ്താണ്.

അപ്പോൾ നിങ്ങൾ‍ സമ്മതിക്കുക നിങ്ങളുടെ നിലവാരം താഴ്ന്നതാണെന്നും എന്റെ ഉയർന്ന നിലവാരം താഴ്ന്നുപോകുന്നതിനെക്കുറിച്ചാണ് ആകുലപ്പെടുന്നതെന്നും. അവർക്ക് ഞങ്ങളുടെ നിലവാരത്തിലേക്ക് ഉയരാൻ താൽപര്യമില്ല. അവരെന്തിനാണ് ഞങ്ങളെക്കുറിച്ച് സങ്കടപ്പെടുന്നത്? ഞങ്ങളുടെ നിലവാരം താഴുന്നെങ്കിൽ അവർ സന്തോഷിക്കുകയല്ലേ വേണ്ടത്? ഒരാൾ ഒരാളുടെ മകനോ മകളോ ആണ് എന്നതുകൊണ്ട് മെരിറ്റ് ഇല്ലാതാവുന്നില്ലല്ലോ.

ആരോപണങ്ങൾ‍ ശരിയോ തെറ്റോ ആവട്ടേ, പ്രതിഛായയ്ക്ക് കോട്ടം തട്ടുന്നതിനെക്കുറിച്ച് ‍ജനറൽ സെക്രട്ടറിക്ക് ആശങ്കയില്ലേ?

ആരോപണങ്ങൾ തെറ്റെങ്കിൽ പ്രതിഛായയ്ക്ക് എങ്ങനെ കോട്ടമുണ്ടാകും? തീവെട്ടിക്കൊള്ളയും ഗൂഡാലോചനയും ആരോപിച്ച് എനിക്കെതിരെ കേസുകളുണ്ടല്ലോ – രാഷ്ട്രീയ സമരങ്ങൾ നയിച്ചതിന്.

രാഷ്ട്രീയ സമരങ്ങളും കേരളത്തിൽ ഇപ്പോഴുള്ള കേസുകളുമായാണോ താരതമ്യം?അഴിമതിയും ബാങ്ക് അക്കൗണ്ടുകളിലൂടെ കോടികളുടെ തട്ടിപ്പുമൊക്കെയാണ് ആരോപണങ്ങൾ.

എനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ ഗൂഡാലോചനയാണ്. ആരോപണങ്ങളൊക്കെയും വ്യാജമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

വിശ്വസിക്കുന്നു എന്ന വാക്ക് പ്രധാനമാണ്. തൃശൂരിലെ ബാങ്കിന്റെ കേസ്, സിഎംആർഎലിന്റെ കേസ്, ആദായ നികുതി കേസ് – ഇഡിക്കും ആദായ നികുതിക്കാർക്കും ഇടപെടാൻ നിങ്ങൾ വേണ്ടത്ര കാരണങ്ങൾ നൽകിയിട്ടുണ്ട്.

തൃശൂർ കേസിൽ ഒരു വർഷം മുൻപ് അക്കൗണ്ട് വിവരങ്ങൾ നൽകിയതാണ്. അന്ന് പിഴവുകളൊന്നും കണ്ടെത്തിയില്ല. പെട്ടെന്ന് ഇപ്പോഴെങ്ങനെ പിഴവുകളുണ്ടാവുന്നു?
ഐടി റിട്ടേണിന്റെ കാര്യത്തിൽ ഞങ്ങൾ കോടതിയിൽ പോയതാണ്. തുടർനടപടികൾ പാടില്ലെന്നു കോടതി പറഞ്ഞിട്ടുണ്ട്. പ്രതികാര നടപടിയെന്നു തെളിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഞങ്ങൾ‍ക്കു പൂർണ സുതാര്യതയുണ്ട്. സിപിഎമ്മിന്റെ ഒരു പാൻ നമ്പർ പോലും അക്കൗണ്ടിൽ കാണിക്കാതിരുന്നിട്ടില്ല.

തൃശൂർ ബാങ്കിന്റെ കാര്യം പറഞ്ഞതുകൊണ്ട് – ആത്മഹത്യകളുണ്ടായി, ചികിൽസയ്ക്കു പണം ലഭിക്കാത്തവരുണ്ട്.

ആ കേസുകളെക്കുറിച്ച് എനിക്കറിയില്ല. ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് ഞാൻ സിപിഎമ്മിന്റെ അക്കൗണ്ടുകളെക്കുറിച്ചാണ് പറയുന്നത്.

പാർട്ടി ഭരിച്ച ബാങ്കിന്റെ കാര്യമാണ്.
പാർട്ടി ബാങ്ക് നടത്തുന്നില്ല. ഇതൊക്കെ തീർത്തും കേരളത്തിലെ കാര്യങ്ങളാണ്. അതിനു കേരളത്തിലെ നേതാക്കൾ മറുപടി പറയും.

നേരത്തെയൊക്കെ, ആരോപണങ്ങളുണ്ടായാൽ പാർട്ടി അന്വേഷിക്കും. ആരെങ്കിലും കുറ്റക്കാരെന്നു കണ്ടാൽ നടപടിയെടുക്കും. അല്ലെങ്കിൽ വസ്തുതയെന്തെന്ന് പറയും. ഇപ്പോൾ സിഎംആർഎൽ വിഷയമെടുത്താൽ നേതാവിന്റെ ഭാഗം മാത്രമല്ല, കുടുംബത്തെയും ന്യായീകരിക്കുന്നത് പാർട്ടിയാണ്

കേരളത്തിലെ കാര്യമാണ്. എനിക്കതിന്റെ വിശദാംശങ്ങൾ‍ അറിയില്ല. കേസ് അറിയില്ല എന്നല്ല, വിശദാംശങ്ങൾ അറിയില്ല. കേരളത്തിലെ കാര്യങ്ങളിൽ ഞാൻ മറുപടി പറയില്ല. താങ്കൾ ചോദിക്കുന്നതെല്ലാം കേരളത്തിലെ കാര്യങ്ങളാണ്. ഞാൻ ജനറൽ സെക്രട്ടറിയാണ്.

കേരളത്തിലല്ലേ പാർ‍ട്ടിയുള്ളു
തമിഴ്നാട്ടിൽ കേരളത്തിലേക്കാൾ ഇരട്ടി ലോക്സഭാംഗങ്ങളുണ്ട്.

അത് ഡിഎംകെയുടെ ഔദാര്യംകൊണ്ട്. തിരഞ്ഞെടുപ്പ് കടപ്പത്ര വിഷയത്തിലേക്കു വീണ്ടും വന്നാൽ, കോർപറേറ്റ് പണം സുതാര്യമായി എങ്ങനെ പാർട്ടികൾക്ക് ലഭ്യമാക്കും?

തിരഞ്ഞെടുപ്പുകൾക്ക് സർക്കാർ ഫണ്ടിങ് വേണം. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കോർപറേറ്റുകൾ പണം നൽ‍കണം. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി നിയമം പോലെ, ലാഭത്തിന്റെ നിശ്ചിത ശതമാനം ജനാധിപത്യത്തിനായുള്ള ഫണ്ടിലേക്കു നൽ‍കുക. സർക്കാരോ തിരഞ്ഞെടുപ്പു കമ്മിഷനോ ആ ഫണ്ട് കൈകാര്യം ചെയ്യുക. ജർമ്മനിയുൾപ്പെടെ പല രാജ്യങ്ങളിലും ഈ രീതിയുണ്ട്. കോർപറേറ്റുകൾ നേരിട്ടു പാർട്ടികൾക്ക് പണം കൊടുക്കുന്നത് പാടില്ല. പൊതു ഫണ്ടിലേക്കു നൽകുക.

തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യങ്ങളെക്കുറിച്ച് ഏറെ പറയാറുള്ള വ്യക്തിയാണ് താങ്കൾ. ഇപ്പോഴത്തെ പ്രതിപക്ഷ കൂട്ടായ്മയെക്കുറിച്ച് എന്തു പറയുന്നു?

അലയൻസ് എന്നത് ഇന്ത്യ എന്ന പേരിന്റെ ഭാഗമാണ്. അതുകൊണ്ടാണ് എല്ലാവരും അതിനെ ഇന്ത്യ ബ്ളോക് എന്നു പറയുന്നത്. അലയൻസ് ബ്ളോക്. പങ്കാളികളായ എല്ലാ പാർട്ടികളും അതാണ് ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യങ്ങളെന്നത് തിരഞ്ഞെടുപ്പിനായുള്ള നീക്കുപോക്കുകളാണ്. തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യം സർക്കാർ രൂപീകരണത്തിനുള്ളതാണ്. അതാണ് വ്യത്യാസം.

ഇന്ത്യാ ബ്ളോക്കിലെ മമത ബാനർജി പോലെയുള്ള പങ്കാളികളെ വിശ്വസിക്കാമോ, എന്നും സഖ്യത്തിലുണ്ടാവുമെന്ന്?

ശരിയാണ്. എപ്പോഴും അത്തരം കേസുകൾ ഉണ്ടായിട്ടുണ്ട് – പാർട്ടികൾ തങ്ങളുടെ തങ്ങളുടെ വാക്കിൽനിന്ന് പിന്നോട്ടുപോകുകയും സർക്കാരുകൾ താഴെപ്പോകുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് പിന്തുണ പിൻവലിച്ചപ്പോൾ ഐക്യമുന്നണി സർക്കാർ താഴെ വീണു, ബിജെപി പിൻവലിച്ചപ്പോൾ വി.പി.സിങ് സർക്കാർ വീണു. അത്തരം അനുഭവങ്ങളിലൂടെ കടന്നാണ് നമ്മൾ പുരോഗമിച്ചിട്ടുള്ളത്. അങ്ങനെ സംഭവിക്കാം.

1977ലെപ്പോലെ ഇത്തവണയും ഭരണകക്ഷി വിരുദ്ധ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാർഥിയില്ല. മറുവശത്ത് ശക്തനായ വ്യക്തിയുണ്ട്, തലപ്പൊക്കമുള്ള നേതാവ്.

2004ലും ഇതേ വാദമുണ്ടായിരുന്നു. വാജ്പേയിക്കു ബദലായി നേതാവില്ലെന്ന്. എന്നാൽ, മൻമോഹൻ സിങ് പ്രധാനമന്ത്രിയായി. ഇത്തവണയും ബദൽ വരും. ആശങ്കവേണ്ട.

എൻഡിഎയുടെയോ ഇന്ത്യാ ബ്ളോക്കിന്റെയോ ഭാഗമായല്ലാതെ മൽസരിക്കുന്ന ഏതാനും പ്രധാന പാർട്ടികളുണ്ട് – ബിഎസ്പി, വൈഎസ്ആർസിപി, ബിആർഎസ്, ബിജെഡി, അകാലി ദൾ, അണ്ണാഡിഎംകെ‍.

ഈ പാർട്ടികളിൽ മിക്കവയും തിരഞ്ഞെടുപ്പിനുശേഷം, ഫലം നോക്കി നിലപാടെടുക്കുമെന്നു കരുതാം. അവർ നിരീക്ഷിക്കുകയാണ്. അവർ‍ നിരീക്ഷിക്കട്ടെ.

ഈ തിരഞ്ഞെടുപ്പോടെ സിപിഎം കരുത്താർജിക്കുമെന്ന് ജനറൽ സെക്രട്ടറിക്കു തോന്നുന്നുണ്ടോ?

എനിക്കങ്ങനെ തോന്നുന്നുണ്ട്. അതിനാണ് ഞങ്ങളുടെ പരിശ്രമിക്കുന്നത്. ​ഞങ്ങൾ കരുത്തരാകുമെന്നു പ്രതീക്ഷിക്കാം.

മോദി 400 പ്ളസ്, 370 എന്നൊക്കെ പറയുന്നു. അര നൂറ്റാണ്ടായി രാഷ്ട്രീയത്തിലുള്ള താങ്കളുടെ പ്രവചനം എന്താണ്?

വിവേകമുള്ളതുകൊണ്ട് ഞാൻ പ്രവചിക്കുന്നില്ല. 400 പ്ളസ് പ്രവചിക്കുന്നവർ എന്തിനാണ് ഇത്ര വെപ്രാളം കാണിക്കുന്നത് – പാർട്ടികളെ പിളർത്താനും കുതിരക്കച്ചവടത്തിനും. അതല്ലേ മോദിയുടെ പാർട്ടി ചെയ്യുന്നത്. 400 കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിനിത്ര വെപ്രാളം? ബിജെപി ഇപ്പോൾ പലയിടത്തും അറിയപ്പെടുന്നത് പുതിയ കോൺഗ്രസ് എന്നാണ്. അവർ പാർട്ടിയിൽ ചേർത്ത മുൻ കോൺഗ്രസുകാരുടെ എണ്ണം നോക്കുമ്പോൾ അത് ഇനി ബിജെപിയല്ല, പുതിയ കോൺഗ്രസാണ്. അവരോടു ചോദിക്കുക അവരുടെ ഇപ്പോഴത്തെ സ്ഥിതിയെന്ത് എന്ന്.

വിവേകമുള്ളതിനാൽ പ്രവചനത്തിനില്ല. ഇന്ത്യാ സഖ്യം ജയിക്കുമെന്നു പോലും?
എണ്ണം ഞാൻ പ്രവചിക്കുന്നില്ല. ബിജെപിയുടെ പരാജയം പ്രവചിക്കുന്നു.

ഇന്ത്യാ സഖ്യം ജയിക്കുമെന്നല്ല?

പറഞ്ഞതിന്റെ അർഥം അതല്ലേ? ഇപ്പോഴും ഒരു സഖ്യത്തിന്റെയും ഭാഗമല്ലാത്ത പ്രാദേശിക കക്ഷികളുടെ കാര്യം പരിഗണിക്കണം. തിരഞ്ഞെടുപ്പിനുശേഷം അവർ വരാം.