പ്രചാരണത്തിനിടെ ജി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
167

കൊല്ലത്ത് എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുളവന സ്വദേശി സനൽ ആണ് അറസ്റ്റിലായത്. സിപിഐഎമ്മിനെതിരെ പ്രസംഗിച്ചതിൽ ആക്രമിച്ചുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.

സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ താക്കോൽ കണ്ണിൽ കൊണ്ടതാണെന്നാണ് സനലിൻ്റെ മൊഴി. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിന് ശേഷം സനലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നായിരുന്നു കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.