വീട്ടിൽ വോട്ട്: ഇതുവരെ വോട്ട് ചെയ്തത് 1,42,799 പേർ

0
111

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽ വോട്ട് ചെയ്യുന്നതിന് ഒരുക്കിയ വീട്ടിൽ വോട്ട് പ്രക്രിയക്ക് അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

1,42,799 പേരാണ്‌ ഇതുവരെ വീട്ടിൽ വോട്ട് ചെയ്‌തത്‌. 85 വയസ്സിൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതിൽപ്പെടുന്നു. 25 വരെ വീട്ടിൽ വോട്ട് തുടരും.

പൊലീസ്, മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, പോളിങ്‌ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദർശന വിവരം സ്ഥാനാർഥികളെയോ, പ്രതിനിധികളെയോ മുൻകൂട്ടി അറിയിക്കും.

വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ സീൽ ചെയ്ത മെറ്റൽ ബോക്‌സുകളിൽ ശേഖരിക്കുകയും സുരക്ഷിതമായി സ്‌ട്രോങ്‌ റൂമുകളിലേക്ക്‌ മാറ്റുകയുമാണ് ചെയ്യുന്നത്. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെ രഹസ്യ സ്വഭാവം നിലനിർത്തിയാണ് ഈ പ്രവർത്തനങ്ങളെല്ലാം.

വീട്ടിൽ വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ ‘അവകാശം’ പോർട്ടലിലൂടെ ലഭ്യമാക്കുകയും നിരീക്ഷിക്കുകയും ചെയ്യും.