ആറന്മുളയിൽ മരിച്ചയാളുടെ പേരിൽ വ്യാജ വോട്ട്; കോൺഗ്രസ് വാർഡ് മെമ്പറും ബിഎൽഒയും ഒത്തുകളിച്ചു

0
177

ആറന്മുളയിൽ മരിച്ചയാളുടെ പേരിൽ വ്യാജ വോട്ട്. പരാതിയിൽ രണ്ട് പോളിങ് ഓഫീസർമാരും ബിഎൽഒയും ഉൾപ്പെടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ. കോൺഗ്രസ് വാർഡ് മെമ്പറും ബിഎൽഒയും ഒത്തുകളിച്ച് കോൺഗ്രസിന് കള്ളവോട്ട് ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർക്ക് എൽഡിഎഫ് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് ഡെപ്യൂട്ടി കളക്ടർ ബി.എൽ.ഒ.യെ വിളിച്ച് പരിശോധന നടത്തി. സംഭവത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ബിഎൽഒ സമ്മതിച്ചു.

ശനിയാഴ്‌ചയായിരുന്നു കള്ളവോട്ട്‌ നടന്നത്‌. ആറ്‌ വർഷം മുൻപ്‌ മരിച്ച കരിത്തോട്ട മുറിയിൽ വാഴയിൽ വടക്കേചരുവിൽ അന്നമയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട്‌ ചെയ്യുകയായിരുന്നു. 85 വയസ്സിന്‌ മുകളിലുള്ളവരെ വീട്ടിലെത്തി വോട്ട്‌ ചെയ്യിപ്പിക്കുക എന്ന സംവിധാനം ദുരുപയോഗം ചെയ്‌താണ്‌ കള്ള വോട്ട്‌ നടന്നത്‌. കോൺഗ്രസ്‌ പ്രവർത്തകയായ ബിഎൽഒയുടെയും കോൺഗ്രസിന്റെ വാർഡ്‌ മെമ്പറുടെയും സഹായത്തോടെയാണ്‌ കള്ള വോട്ട്‌ നടന്നത്‌.

കിടപ്പ് രോഗിയായ മരുമകൾ അന്നമ്മയ്ക്ക് ആണ് വോട്ടിന് അപേക്ഷിച്ചതെന്നും സീരിയൽ നമ്പർ മാറി എഴുതുകയായിരുന്നു എന്നുമാണ് വിശദീകരണം. സീരിയൽ നമ്പർ മാറി എഴുതിയതിൽ തനിക്ക് തെറ്റുപറ്റിയെന്ന്‌ ബിഎൽഒ പറയുന്നു. മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയതാണെന്നും പറയുന്നു.

കോന്നി റിപ്പബ്ലിക്കൻ വിഎച്ച്‌എസ്‌എസ്‌ അധ്യാപിക ദീപ, മണ്ണങ്കരഞ്ചിറ ജി യുപിഎസ്‌ അധ്യാപിക കലാ എസ്‌ തോമസ്‌, ബിഎൽഒ അമ്പിളി എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. ഇവരുടെ ഭാഗത്ത്‌ നിന്ന്‌ വീഴ്‌ച ഉണ്ടായതിനെ തുടർന്നാണ്‌ നടപടി. സംഭവത്തിൽ പൊലീസ്‌ കേസിനും ശുപാർശ ചെയ്‌തിട്ടുണ്ട്‌.