ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസം വിജയം. ഗുജറാത്തിനെ 89 റൺസിന് പുറത്താക്കിയ ഡൽഹി 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഡൽഹിയുടെ സീസണിലെ മൂന്നാം ജയമാണിത്. ജയത്തോടെ ആറ് പോയിൻ്റുമായി ഡൽഹി ആറാം സ്ഥാനത്തേക്ക് ഉയർന്നു.
ജെയ്ക് ഫ്രേസർ മക്ഗ്രുക് (10 പന്തിൽ 20), ഷായ് ഹോപ്പ് (10 പന്തിൽ 19), ക്യാപ്റ്റൻ ഋഷഭ് പന്ത് (11 പന്തിൽ 16*), അഭിഷേപ് പോറൽ (ഏഴു പന്തിൽ 15) എന്നിവരാണ് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചത്. പൃഥ്വി ഷാ ഏഴു റൺസെടുത്ത് പുറത്തായി. ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യർ രണ്ടു വിക്കറ്റ് വീഴ്ത്തി.
സ്വന്തം മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഗുജറാത്ത് 17.3 ഓവറിൽ 89 റൺസിന് കൂടാരം കയറി. ഇത്തവണത്തെ ഐപിഎല്ലിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ചെറിയ സ്‌കോറാണിത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഏറ്റവും ചെറിയ സ്‌കോറും.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ഇഷാന്ത് ശർമയും ട്രിസ്റ്റൻ സ്റ്റബ്ബ്സും ചേർന്നാണ് ഗുജറാത്തിനെ തകർത്തത്. ഖലീൽ അഹമ്മദും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
എട്ടാമനായി ബാറ്റിങ്ങിനെത്തി 24 പന്തിൽ നിന്ന് 31 റൺസെടുത്ത റാഷിദ് ഖാന്റെ ഇന്നിങ്സാണ് ഗുജറാത്തിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 12 റൺസെടുത്ത സായ് സുദർശനും 10 റൺസെടുത്ത രാഹുൽ തെവാട്ടിയയും മാത്രമാണ് റാഷിദിനെ കൂടാതെ രണ്ടക്കം കടന്നവർ.
വൃദ്ധിമാൻ സാഹ (2), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8), ഡേവിഡ് മില്ലർ (2), അഭിനവ് മനോഹർ (8), ഷാരൂഖ് ഖാൻ (0) എന്നിവരെല്ലാം രണ്ടക്കം തികച്ചവർ.