കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് ഇന്നും നാളെയുമായി കടലാക്രമണത്തിന് സാധ്യത

0
120

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഇന്നും നാളെയുമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ സ്റ്റഡീസ് ആൻഡ് റിസർച്ച് അറിയിച്ചു. നാളെ രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 0.5 മുതൽ 1.1 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. സംസ്ഥാനത്ത് വേനൽമഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

അതേസമയം സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. 12 ജില്ലകളിൽ ബുധനാഴ്ച വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.