ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ

0
134

വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ.

യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ അറിവോടെയാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയതെന്നും കെ.കെ.ശൈലജ പരാതിയിൽ പറയുന്നു. വ്യാജ വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്ന് കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.കെ. ശൈലജ പരാതിയിലൂടെ ആവശ്യപ്പെട്ടു.

അതിനിടെ, വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലും കോണ്‍ഗ്രസിന്റെ മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് ആരോപിച്ച് കെ.കെ. ശൈലജ തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടിരുന്നു. വടകരയില്‍ ഇടതുപക്ഷ മുന്നണി വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എല്‍.ഡി.എഫിനോടുള്ള വോട്ടര്‍മാരുടെ അനുകൂല നിലപാടില്‍ വിറളിപൂണ്ടിട്ടാണ് എതിര്‍പക്ഷം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ.കെ. ശൈലജ പറഞ്ഞിരുന്നു.

പാനൂരില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നൗഫല്‍ എന്ന ഒരു യുവാവ് തന്നോടൊപ്പമെടുത്ത ഒരു ഫോട്ടോ, കേസിലെ പ്രതി അമല്‍ കൃഷണയോടൊപ്പം ശൈലജ ടീച്ചര്‍ എന്ന വ്യാജേന യു.ഡി.എഫ് പ്രചരിപ്പിച്ചെന്നും കെ.കെ. ഷൈലജ കൂട്ടിച്ചേര്‍ത്തു. നൗഫല്‍ ഇതിനെതിരെ പരാതി കൊടുക്കുമെന്ന് തന്നെ അറിയിച്ചിരുന്നെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.