വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശവും

0
160

സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. എന്നാല്‍ വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.