പെൺകുട്ടിയുടെ അമ്മയെ പീഡിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു; അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി

0
166

ഗോവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശികളായ മുരാരി കുമാർ (24), ഉപനേഷ് കുമാർ (22) എന്നിവരെ വാസ്കോ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വാസ്കോയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഇരുപതോളം നിർമാണ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.

വ്യാഴാഴ്ച അർധരാത്രിയാണ് പ്രതികൾ പെൺകുട്ടിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെ പെൺകുട്ടിയുടെ അമ്മയെ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, യുവതിയെ ഭർത്താവ് രക്ഷപ്പെടുത്തി. ഇതോടെ അഞ്ചുവയസുകാരിയായ മകളെ ഉപദ്രവിക്കാൻ പ്രതികൾ പദ്ധതിയിട്ടു. തുടർന്ന് വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പോലീസ് സൂപ്രണ്ട് (സൗത്ത്) സുനിത സാവന്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി രാഹുൽ ഗുപ്ത, വാസ്കോ ഡിവൈ.എസ്.പി. സന്തോഷ് ദേശായി, വാസ്കോ പൊലീസ് ഇൻസ്പെക്ടർ കപിൽ നായക്, പ്രിൻസിപ്പൽ എസ്ഐമാരായ അർച്ചന ഗങ്കർ, രോഹൻ മഡഗോങ്കർ, രോഹൻ നാഗേഷ്കർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. രണ്ട് പ്രതികളെയും വാസ്കോ കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.