അടിമാലിയിൽ വയോധികയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തി; 2 പേർ അറസ്റ്റിൽ

0
134

അടിമാലിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പ്രതികളായ കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെ.ജെ.അലക്‌സ്, കവിത എന്നിവരെ പാലക്കാട്ടുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ഇടുക്കിയിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് അടിമാലി കുര്യൻസ് ഹോസ്പിറ്റൽ റോഡിൽ ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഫാത്തിമ കാസിമിനെ (70) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതികൾ ഫാത്തിമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും നഷ്ടപ്പെട്ടിരുന്നു.

ശനിയാഴ്ച വൈകീട്ട് മകൻ സുബൈർ വീട്ടിലെത്തിയപ്പോഴാണ് ഫാത്തിമയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മകൻ പോലീസിൽ വിവരമറിയിച്ചു. തെളിവ് നശിപ്പിക്കാൻ പ്രതി സ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു.