പൊതുഗതാഗത വാഹനങ്ങളിൽ സ്ത്രീകളുടെ അടുത്ത് ഇരിക്കുന്നത്തിൽ യുവാവിനെ വിലക്കി കോടതി

0
189

അഞ്ചുവർഷത്തേക്ക് പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ സ്ത്രീകളുടെ സമീപത്ത് ഇരിക്കരുതെന്ന് യുവാവിനെ വിലക്കി കോടതി. യുകെയിലെ ബിർമിങ്ഹാം സിറ്റി സ്വദേശിയായ ക്രിസ്ടാപ്‌സ് ബെർസിൻസ് എന്ന 34 കാരനാണ് കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ട്രെയിനിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനാണ് കോടതി ഇയാൾക്ക് വിലക്കേർപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ജൂൺ 30-ന് പ്രതി ബിർമിങ്ഹാമിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് ട്രെയ്‌നിൽ യാത്ര ചെയ്യുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ത്രീയുടെ സമീപത്തിരുന്ന ഇയാൾ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും മോശമായ വാക്കുകൾ ഉപയോഗിക്കാനും തുടങ്ങി. സ്ത്രീ ഹെഡ്‌ഫോൺ ചെവിയിൽ വെച്ച് ഇയാളെ അവഗണിക്കാൻ ശ്രമിച്ചുവെങ്കിലും ലൈംഗികച്ചുവയോടെയുള്ള പെരുമാറ്റം ക്രിസ്ടാപ്‌സ് തുടർന്നു. ഇയാൾ ടോയ്‌ലറ്റിൽ പോയ തക്കം നോക്കി സ്ത്രീ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. മറ്റൊരു സീറ്റിലേക്ക് മാറിയിരുന്ന അവർ സംഭവം ട്രെയ്‌നിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. അവരാണ് പിന്നീട് പോലീസിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസാണ് കേസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ക്രിസ്ടാപ്‌സ് കുറ്റം ചെയ്തതായി കണ്ടെത്തി. ഏപ്രിൽ നാലിന് ബിർമിങ്ഹാം മജിസ്‌ട്രേറ്റ് കോടതി ക്രിസ്ടാപ്‌സിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഏഴ് മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു. അടുത്ത അഞ്ച് വർഷം പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ ഒറ്റയ്ക്ക് ഇരിക്കുന്ന സ്ത്രീകളുടെ സമീപത്ത് ഇരിക്കുകയോ, സമീപിക്കുകയോ, സ്പർശിക്കുകയോ, ആശയവിനിമയം നടത്തുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ലൈംഗിക കുറ്റവാളികൾക്കുള്ള രജിസ്റ്ററിൽ ഏഴ് വർഷം ഒപ്പുവയ്ക്കാനും 31,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിധി കേട്ടശേഷം യുവതി പറഞ്ഞു. ‘‘യുവതിയെ സംബന്ധിച്ചിടത്തോളം അത് ഒരു ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. എന്നാൽ അവർ ധൈര്യപൂർവം ഇക്കാര്യം റിപ്പോർട്ടു ചെയ്യുകയും അന്വേഷണത്തെ പിന്തുണയ്ക്കുകയും ചെയ്തു. ലൈംഗിക പീഡനത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും എല്ലാ റിപ്പോർട്ടുകളും ഞങ്ങൾ ഗൗരവത്തോടെ കാണുകയും അന്വേഷണത്തിൽ ഇരകളെ പിന്തുണയ്ക്കുകയും ചെയ്യും,’’ അന്വേഷണ ഉദ്യോഗസ്ഥൻ പിസി മോളി ബ്രണ്ടൻ കോൾ പറഞ്ഞു.