അബ്ദുൽ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിച്ചതിൽ വിദ്വേഷ പ്രചരണവുമായി ശശികല ടീച്ചറും കൃഷ്ണ രാജും

0
69

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിച്ചതിൽ വിദ്വേഷ പ്രചരണവുമായി തീവ്ര ഹിന്ദുത്വ നേതാക്കളായ ശശികല ടീച്ചറും, കൃഷ്ണ രാജും.

‘ബല്ലാത്തൊരു നാട്, ബല്ലാത്തൊരു നിയമം, ഇതുവരെ ഇവിടെ ചികിത്സയ്ക്ക് മാത്രം പണം പിരിച്ചാൽ മതിയായിരുന്നു,’ എന്നാണ് ശശികല ടീച്ചർ ഫേസ്ബുക്കിലൂടെ പറഞ്ഞത്. മനഃപൂർവമല്ലാത്ത തെറ്റിന് 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന റഹീമിനെ മോചിപ്പിക്കാൻ ലോകത്തെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചപ്പോൾ സംഘികൾ അവിടെ കണ്ടത് മതവെറിയാണ്.

സംഘിയല്ലേ നാട് ഒരുമിച്ച് നിൽക്കുന്നത് കണ്ടാൽ അസഹിഷ്ണുത തോന്നും. ചികിത്സ ആണെങ്കിലും മറ്റെന്തിനാണെങ്കിലും സംഘിയുടെ ഒരു രൂപ പോലും പിരിച്ച തുകയിൽ ഉണ്ടാവാനിടയില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

അതേസമയം തീവ്ര ഹിന്ദുത്വ നേതാവായ അഡ്വ. കൃഷ്ണ രാജ് ദയാധനം സ്വരൂപിച്ചതിനെതിരെ ഫേസ്ബുക്കിൽ കുറിച്ച ഒരു കമന്റ് നിലവിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘മലയാളി പൊളിയല്ല, തല്ലിപൊളിയാണ്. ഒരു കൊലയാളിക്ക് വേണ്ടി 34 കോടി സ്വരൂപിക്കാൻ നടക്കുന്നു. എന്നിട്ട് ആ കൊലയാളിയെ കേരളത്തിൽ എത്തിക്കണമത്രേ. എല്ലാവരും ജാഗ്രതൈ,’ എന്നായിരുന്നു കൃഷണ രാജിന്റെ ഫേസ്ബുക്ക് കമന്റ്.

ഇതിനുപിന്നാലെ കൃഷണ രാജിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തങ്ങൾ അന്വേഷിച്ചു നടക്കുകയായിരുന്നു ആ 34 കോടിയിൽ തങ്ങളില്ലെന്ന് ആര് പറയുമെന്ന്. ഇപ്പോൾ നമ്മൾ വിചാരിച്ച ടീം തന്നെ ആ പദവി ഏറ്റെടുത്തു. വെറുതെ അല്ല നിങ്ങളെ കേരള ജനത അകറ്റി നിർത്തുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. കേരളത്തിൽ താമര വിരിയാത്തതിന്റെ കാരണം ഇതിൽ നിന്ന് മനസിലാക്കാമെന്നും വിമർശകർ പറയുന്നു.

എന്നാൽ ഒരുമിച്ചുള്ള മലയാളികളുടെ ഈ പോരാട്ടത്തെ മന്ത്രി മുഹമ്മദ് റിയാസ് ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ‘കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി, മത അതിർവരമ്പുകളില്ലാതെയാണ് എല്ലാവരും ഇതിന് വേണ്ടി ഒന്നിച്ചത്. ഓരോരുത്തരും അവർക്ക് സാധ്യമാകുന്ന രീതിയിൽ പണം കണ്ടെത്തുന്നതിനായി പ്രവർത്തിച്ചു. മനുഷ്യ നന്മയുടെ വിജയമാണിത്. ഇതാണ് റിയൽ കേരള സ്റ്റോറി,’ മുഹമ്മദ് റിയാസ് പറഞ്ഞു. റഹീമിന്റെ മോചനത്തിന് വേണ്ടി കെ.എം.സി.സിയും നിർണായക പങ്കുവഹിച്ചെന്ന് റിയാസ് കൂട്ടിച്ചേർത്തു.

അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ സമാഹരിച്ച മലയാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവർക്ക് പുറമെ പ്രതിപക്ഷ നേതാക്കൾ, മറ്റു സാമൂഹിക-സാംസ്‌കാരിക നേതാക്കൾ എല്ലാം കേരളത്തിനോടും മലയാളികളോടും നന്ദി പറയുകയുണ്ടായി.