തമിഴ്‌നാട്ടിൽ ബി.ജെ.പിക്കെതിരെ ‘സ്കാൻ ടു സീ സ്കാം’ പോസ്റ്ററുകൾ

0
212

തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കെതിരെ ‘സ്കാൻ ടു സീ സ്കാം’ പോസ്റ്ററുകൾ. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ക്യൂആർ കോർഡ് അടങ്ങിയ പോസ്റ്ററുകളിൽ ‘സ്‌കാൻ ചെയ്താൽ അഴിമതി കാണാം’ എന്ന് എഴുതിയിട്ടുണ്ട്.

പോസ്റ്റർ സ്കാൻ ചെയ്താൽ ഒരു വീഡിയോ കാണാം. ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപി നടത്തിയ അഴിമതികൾ, സിഎജി റിപ്പോർട്ടിലെ ക്രമക്കേടുകൾ, വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ അഴിമതി തുടങ്ങിയവയെക്കുറിച്ച് ഒരാൾ വിശദീകരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

വമ്പൻ വ്യവസായികൾക്കു നൽകിയ വായ്പകൾ ബി.ജെ.പി. എഴുതിത്തള്ളിയെന്നും വീഡിയോയിൽ ആരോപിക്കുന്നു. ബി.ജെ.പിയെ തള്ളാനും ഇന്ത്യ സഖ്യത്തിന് പിന്തുണ അർപ്പിക്കാനും വീഡിയോയിൽ ആവശ്യപ്പെടുന്നു. ഡി.എം.കെ. പ്രവർത്തകരാണ് പോസ്റ്ററുകൾക്കുപിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

മുഴുവൻ സീറ്റുകളിലേക്കും ഏപ്രിൽ 19-ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനരീതിയിൽ പേ.സി.എം. പോസ്റ്ററുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

40% കമ്മിഷൻ വാങ്ങുന്ന സർക്കാരാണ് അന്ന് അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പിയുടേത് എന്ന് ആരോപിക്കുന്നതായിരുന്നു അന്നത്തെ പോസ്റ്ററുകൾ.