‘സോംബി ഡ്രഗ്’ ഉപയോഗം കൂടുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോൺ

0
114

സൈക്കോ ആക്റ്റീവ് മയക്കുമരുന്നായ കുഷിന്റെ മാരകമായ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘കുഷ്’ എന്ന് പേരുള്ള മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മനുഷ്യ അസ്ഥികളിൽ നിന്ന് നിർമ്മിക്കുന്ന കുഷിന്റെ ഉയർന്ന ആവശ്യം മയക്കുമരുന്ന് കച്ചവടക്കാരെ കല്ലറ കൊള്ളക്കാരാക്കി മാറ്റിയതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കുഷിന്റെ ഉപയോഗം കാരണം മരണങ്ങള്‍ വര്‍ധിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് പരിചരണവും പിന്തുണയും നല്‍കാനായി പരിശീലനം നേടിയ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

സോംബി മയക്കുമരുന്നായ കുഷിനെ ‘മരണക്കെണി’യെന്നാണ് സിയറ ലിയോണ്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. ‘കുഷി’ന് അടിമകളായവര്‍ മനുഷ്യരുടെ കുഴിമാടങ്ങള്‍ മാന്തുന്നത് സിയറ ലിയോണില്‍ വ്യാപകമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ചില വിഷപദാര്‍ഥങ്ങള്‍ക്കൊപ്പം മനുഷ്യന്റെ അസ്ഥിയും ചേര്‍ത്താണ് കുഷ് എന്ന സോംബി മയക്കുമരുന്ന് നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ മയക്കുമരുന്ന് നിര്‍മിക്കാനുള്ള അസ്ഥികള്‍ക്കായി കുഴിമാടങ്ങള്‍ കുഴിക്കുന്നതും രാജ്യത്ത് നിത്യസംഭവമായിരിക്കുകയാണ്.

കുഷിന് അടിപ്പെട്ടവരാണ് ലഹരിമരുന്ന് നിര്‍മിക്കാനായി കുഴിമാടങ്ങള്‍ മാന്തുന്നത്. ഇത്തരത്തില്‍ അസ്ഥികള്‍ മോഷ്ടിക്കാനായി രാജ്യത്താകെ ആയിരക്കണക്കിന് ശവകൂടീരങ്ങള്‍ തകര്‍ക്കപ്പെട്ടതായാണ് വിവരം.

ഇതേത്തുടര്‍ന്ന് രാജ്യതലസ്ഥാനമായ ഫ്രീടൗണില്‍ ഉള്‍പ്പെടെ ശ്മശാനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുഷിന് അടിമകളായവര്‍ വീര്‍ത്ത കൈകാലുകളുമായി തെരുവുകളില്‍ കഴിയുന്നത് സിയറ ലിയോണിലെ സ്ഥിരംകാഴ്ചയാണ്.

ആറുവര്‍ഷം മുന്‍പാണ് ഈ മയക്കുമരുന്ന് ആദ്യമായി സിയറ ലിയോണില്‍ പലരും ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് കുഷിന് യുവാക്കള്‍ക്കിടയില്‍ വന്‍പ്രചാരം ലഭിച്ചതോടെ ഉപയോഗം വ്യാപകമായി. യുവാക്കള്‍ പലരും സോംബികളെപ്പോലെ തെരുവുകളിലൂടെ നീങ്ങുന്ന കാഴ്ചകളും രാജ്യത്ത് പതിവായി.