കേരള കോൺഗ്രസ്; സജി മഞ്ഞക്കടമ്പിലിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർ രാജിവച്ചു

0
160

സജി മഞ്ഞക്കടമ്പിലിന് പിന്നാലെ കേരള കോൺഗ്രസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർ ഇന്ന് രാജിവച്ചു. ജോസഫ് ഗ്രൂപ്പ് മോൻസ് ഗ്രൂപ്പായി അധഃപതിച്ചിരിക്കുകയാണെന്ന് സജീവ് മഞ്ഞക്കടമ്പിൽ പറഞ്ഞു. തിരിച്ചു വന്നാൽ സജിയെ സ്വീകരിക്കുമെന്ന് പി.ജെ.ജോസഫ് പറഞ്ഞപ്പോൾ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു.

സജി മഞ്ഞക്കടമ്പിൽ രാജിവച്ചാൽ മറ്റാരും പോകില്ലെന്നാണ് നേതൃത്വം ആദ്യം പറഞ്ഞത്. എന്നാൽ സജിയുടെ രാജിയെ തുടർന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ഉൾപ്പെടെ അഞ്ച് പേർ പാർട്ടി വിട്ടു. നിയന്ത്രിച്ചില്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നും സജി മഞ്ഞക്കടം പറയുന്നു.

വികാരം കൊണ്ടാണ് സജി രാജിവെച്ചതെന്ന് പിജെ ജോസഫ് പറയുന്നു. സജി മഞ്ഞക്കടമ്പിൽ തിരിച്ചുവന്നാൽ സ്വീകരിക്കുമെന്ന് പി ജെ പറഞ്ഞു. എന്നാൽ മോൻ ജോസഫ് ഇടഞ്ഞു തന്നെ നിൽക്കുകയാണ്. പാർട്ടിയിൽ നിന്ന് ആളെ കൂട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. സജി പോയതോടെ പണിയില്ലാത്ത നേതാക്കൾ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയെന്ന് മോൻസ് പറയുന്നു.

ജോസഫ് ഗ്രൂപ്പിലെ തർക്കങ്ങൾ ജോസ് കെ മാണി വിഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സജിക്കു വേണ്ടി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.